കോട്ടയം: താഴത്തങ്ങാടിയിൽനിന്ന് കാണാതായ ദമ്പതികൾക്കായുള്ള തിരച്ചിൽ താൽക്കാലികമായി ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാട്ടി അന്വേഷണസംഘം ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകും.
ഇതിനുമുന്നോടിയായി ഇവരെ കാണാനില്ലെന്ന് കാട്ടി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം മാധ്യമങ്ങളിൽ പരസ്യം നൽകി. ദമ്പതികളുടെ ചിത്രവും ശാരീരിക അടയാളങ്ങളും കാറിന്റെ നമ്പറും അടക്കമാണ് പരസ്യം. വിവരങ്ങൾ അറിയിക്കാൻ ഫോൺ നമ്പറുകളും നൽകിയിട്ടുണ്ട്. 2017 ഏപ്രിൽ ആറിന് വൈകിട്ടാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷീം, ഭാര്യ ഹബീബ എന്നിവരെ കാണാതാകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നായിരുന്നു മക്കളോട് പറഞ്ഞത്. രാത്രി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് ഹാഷിമിന്റെ കുടുംബം പൊലീസില്‍ പരാതി നല്കി. പുതിയതായി വാങ്ങിയ, രജിസ്ട്രേഷൻ നടത്താത്ത വാഗൺ ആർ കാറിലായിരുന്നു ഇവർ വീട്ടിൽനിന്ന് പോയത്. ഡ്രൈവിങ് ലൈസന്‍സ്, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് എന്നിവയൊന്നും കൊണ്ടുപോയിരുന്നില്ല. വീടിന്സമീപത്തെ റോഡിലെ സി.സി ടി.വി കാമറയിൽ നിന്ന് ദൃശ്യം ലഭിച്ചെങ്കിലും പിന്നീട് എങ്ങോട്ട് വാഹനം പോയി എന്നതിൽ സൂചനയൊന്നും പൊലീസിന് ലഭിച്ചില്ല. അതിർത്തിയിലെയടക്കം നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും നിരാശയായിരുന്നു ഫലം.
പരസ്യം നൽകിയതിലൂടെ ഏന്തെങ്കിലും പുതിയ വിവരങ്ങളോ സൂചനകളോ ലഭിച്ചില്ലെങ്കിൽ കേസ് അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാകും ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകുക. പിന്നീട് പുതിയ സൂചനകൾ ലഭിച്ചാൽ അന്വേഷണം പുന:രാരംഭിക്കാൻ തയാറാണെന്നും കോട്ടയം ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ ക്രൈംബ്രാഞ്ച് അറിയിക്കും. കാണാതായ സംഭവം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് തീരുമാനമില്ലാതെ കേസും അവസാനിക്കുന്നത്. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രധാനനഗരങ്ങളിലടക്കം തിരിച്ചറിയൽ നോട്ടീസുകളും പതിച്ചിരുന്നു. എന്നാൽ, ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയേയും സമീപിച്ചിരുന്നു.
എന്നാൽ, പൂർണമായി അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്നും നിരീക്ഷണം തുടരുമെന്നും പുതിയ വിവരങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.