ഗവ. യു.പി.എസ് മറവന്തുരുത്തിന്റെ ജലപഠന യാത്ര ‘പുഴയമ്മയെത്തേടി’ തലയോലപ്പറമ്പ്
റോട്ടറി ക്ലബ് പ്രസിഡന്റ് റെജി അറക്കൽ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: മറവന്തുരുത്ത് ഗ്രാമത്തെ ചുറ്റിയൊഴുകുന്ന പുഴക്ക് അമ്മയുടെ സ്ഥാനം ഉണ്ടെന്നും അതിനു നാടിന്റെ ഉദ്ഭവവും സംസ്കാരവും ജീവിതവുമായി എത്ര ബന്ധം ഉണ്ടെന്നും കുട്ടികൾക്ക് നേരിട്ട് അറിവ് പകരാൻ നടത്തിയ ജലപഠന യാത്ര വേറിട്ട അനുഭവം ആയി. ഹൗസ് ബോട്ടിൽ ആയിരുന്നു യാത്ര.
രാവിലെ ചുങ്കം തനിമ ഗ്രൗണ്ടിൽനിന്ന് തലയോലപ്പറമ്പ് റോട്ടറി ക്ലബ് ഭാരവാഹികളുടെയും ക്ലബ് പ്രവർത്തകരുടെയും പൊതു പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റോട്ടറി പ്രസിഡന്റും ജനപ്രതിനിധിയുമായ റെജി അറക്കൽ ഉദ്ഘാടനം ചെയ്ത യാത്ര മതിയായ സുരക്ഷ സൗകര്യം ഒരുക്കിയിരുന്നു.
പ്രഥമ ശുശ്രൂഷ പാഠങ്ങൾ പകർന്നു നൽകിയ റിട്ട. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസറും നീന്തൽ പരിശീലകനുമായ ടി. ഷാജികുമാർ യാത്രയിൽ ഉടനീളം ജലസുരക്ഷ ക്ലാസുകൾ എടുക്കുകയും അത്യാവശ്യ പരിശീലനങ്ങൾ നൽകുകയും ചെയ്തു. പുഴയെക്കുറിച്ചും വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും മുൻ തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഗോപി ക്ലാസെടുത്തു.
നാട്ടിലെ പാട്ടുകാരൻ സുരേഷ്, സ്കൂൾ ആയ അംബിക സാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. പുഴയറിവുകൾ കോർത്തിണക്കിയ എസ്.എം.സി ചെയർമാൻ ആർ ഗിരിമോന്റെ പുഴ ക്വിസ് ഏറെ വിജ്ഞാനപ്രദമായി. ആട്ടവും പാട്ടുമായി കുട്ടികൾ ആവോളം ആസ്വദിച്ചു. കുട്ടികൾ പുഴയിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിലേക്ക് സെക്രട്ടറി ഡോക്ടർ കുസുമന്റെ നേതൃത്വത്തിൽ യാത്രയെ മധുരം നൽകി സ്വീകരിച്ചു. അദ്ദേഹത്തിന് സ്കൂളിന്റെ പേരിൽ പൊന്നാട അണിയിച്ചും വേലുത്തമ്പി ദളവ സ്ഥാപിച്ച വിളക്ക് മരത്തിൽ ഹാരാർപ്പണം നടത്തിയുമാണ് കുട്ടികൾ മടങ്ങിയത്.
ജനകീയ ആസൂത്രണത്തിൽ പണിത പാലങ്ങളും കടത്തുവള്ളങ്ങളും വെട്ടിക്കാട്ടുമുക്ക് തടി ഡിപ്പോയും ചന്തത്തോടും പുഴയരികിലെ ആരാധനാലയങ്ങളും പ്രകൃതിഭംഗിയും കുട്ടികൾ ആസ്വദിച്ചു കണ്ടു.
പി.ടി.എ പ്രസിഡന്റ് പി.ആർ. പ്രമോദ്, ഹെഡ്മാസ്റ്റർ സി.പി. പ്രമോദ്, റോട്ടറി ക്ലബ് സെക്രട്ടറി ശ്രീകാന്ത് സോമൻ, എം.പി.ടി.എ പ്രസിഡന്റ് സൗദ, അധ്യാപകരായ ആതിര ശശികുമാർ, ബോബി ജോസ്, ജ്യോതിലക്ഷ്മി, അരുണിമ ബലരാമൻ, വി. ഐശ്വര്യ, സ്വാതി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.