കോട്ടയം: സ്നേഹ സൗഹൃദങ്ങളുടെ രുചിയിടത്തിന് സ്വദേറും ഓർമകളുടെ സുവർണ ജൂബിലി. കോട്ടയം ടി.ബി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസ് സ്മരണകൾ അയവിറക്കി അമ്പതാം പിറന്നാൾ ആഘോഷിച്ചു.
പഴയകാല സൗഹൃദ കൂട്ടായ്മ ഒരുക്കി നടന്ന 50ാം പിറന്നാൾ ആഘോഷത്തിന് പ്രമുഖർ അടക്കം നിരവധി പേർ ഒഴുകിയെത്തി സൗഹൃദത്തിന്റെയും വിഭവങ്ങളുടെയും രുചിയോർമകൾ പങ്കുവെച്ചു. ആദ്യകാല പതിവുകാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും മുൻ എം.പി സുരേഷ് കുറുപ്പും ചേർന്നു നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാർഥി കാലം മുതലേയുള്ള സൗഹൃദക്കൂട്ടുകളുടെ രുചിവൈവിധ്യ ഓർമയിൽ മന്ത്രി റോഷി അഗസ്റ്റിനും എത്തിയിരുന്നു.
അമ്പതു വർഷം മുമ്പ് കോഫി ഹൗസിന്റെ എറണാകുളത്തെ ഒരു ശാഖ നിർത്തിയപ്പോൾ അവിടുത്തെ ഫർണിച്ചറും ജീവനക്കാരെയും ചേർത്ത് കോട്ടയം ടി.ബി റോഡിലെ ഒരു വീട്ടിൽ പിറവി കൊണ്ട കോഫി ഹൗസാണ് സുവർണ ജൂബിലി നിറവിൽ എത്തിനിൽക്കുന്നത്.
എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ആന്റോ ആന്റണി എം.പി, കെ.സുരേഷ് കുറുപ്പ്, ജോസഫ് വാഴയ്ക്കൻ എന്നിങ്ങനെ കോട്ടയത്തു കൊടി പിടിച്ചു കേരളത്തിന്റെ നേതാക്കളായി മാറിയ നിരവധി പേർ കോളജ് ജീവിത കാലത്തെ ഇടവേളകൾ ചെലവഴിച്ച ഇടമായിരുന്നു ഈ കോഫി ഹൗസ്. അവരുടെയെല്ലാം മനസ്സുകളിൽ കോഫി ഹൗസ് ഇന്നും മധുരം കിനിയുന്ന ഓർമ.
ലോകവും കാലവും മാറിയെങ്കിലും കോഫി ഹൗസിലെ കാപ്പിയുടെയും മസാല ദോശയുടെയും രുചിയും ഗുണവും അതേപടി നിലനിൽക്കുന്നു എന്നതാണ് ഇപ്പോഴും ഇവിടേക്ക് ആളുകൾ ഇരച്ചുകയറുന്നതിന്റെ രഹസ്യമെന്നും എല്ലാവരും ഒരേപോലെ സാക്ഷ്യപ്പെടുത്തുന്നു. നഗരം ഒരുപാട് മാറിയെങ്കിലും പഴമ നഷ്ടപ്പെടുത്താതെ കെട്ടിടം നിലനിർത്തണമെന്ന കോഫി ഹൗസ് അധികൃതരുടെ അഭ്യർഥനയെ തുടർന്ന് കെട്ടിടം ഉടമകൾ തറയിൽ ടൈൽസ് പാകിയും മേൽക്കൂര ഓട് മാറ്റിയിട്ടും കെട്ടിടം ബലവത്താക്കി നൽകിയതല്ലാതെ രൂപമാറ്റം വരുത്തിയില്ല. നിലവിൽ 26 ജീവനക്കാരാണ് കോഫി ഹൗസിൽ രുചിക്കൊപ്പം സ്നേഹവും വിളമ്പുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.