കോട്ടയം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള എച്ച്.പി.വി വാക്സിനേഷൻ കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് കോട്ടയം ജനറൽ ആശുപത്രിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ജില്ല കലക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയാകും.
ഗർഭാശയഗള കാൻസറിനെതിരായ വാക്സിൻ കൂടി ദേശീയ പ്രതിരോധ കുത്തിവെയ്പ്പ് പട്ടികയിലുൾപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആദ്യഘട്ടത്തിൽ എച്ച്.പി.വി വാക്സിനേഷൻ ആരംഭിക്കുന്നത്. രാജ്യവ്യാപകമായാണ് കാമ്പയിൻ തുടങ്ങുന്നത്.
മൂന്നു മാസത്തിനകം 14 വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്‌സ്) കാൻസറാണ് ഗർഭാശയഗള കാൻസർ. 99.7 ശതമാനം ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) മൂലമാണ് ഉണ്ടാകുന്നത്.
മിക്ക എച്ച്.പി.വി അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ഗർഭാശയഗള കാൻസറാണ്. രാജ്യത്ത് 2022ൽ 79,103 പുതിയ കേസുകളും 34,805 മരണവും ഗർഭാശയഗള കാൻസർ മൂലമുണ്ടായെന്നാണ് കണക്ക്.
സമയബന്ധിതമായ എച്ച്.പി.വി. വാക്‌സിനേഷനും സെർവിക്കൽ സ്‌ക്രീനിങ്ങും വഴി കാൻസറിനുള്ള സാധ്യത കുറക്കാനാവുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പ്രതിരോധ കുത്തിവെയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശകസമിതിയും (എൻ.ടി.എ.ജി.ഐ) ലോകാരോഗ്യ സംഘടനയും ഗർഭാശയഗള കാൻസറിനെതിരേ എച്ച്.പി.വി വാക്‌സിനേഷൻ ശിപാർശ ചെയ്തിട്ടുണ്ട്.
എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസ്സുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്. 14 വയസ്സുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്‌സിനേഷൻ ബുക്ക് ചെയ്യുന്നതിനായി യു.വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വെബ്‌സൈറ്റ്: https://uwin.mohfw.gov.in/home
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.