കോട്ടയം: 2021ൽ മരിച്ചയാൾ 2023ൽ എടുത്ത ലോൺ പലിശസഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ ബാങ്കിന്റെ വക നോട്ടീസ്. വൈക്കം ഉദയനാപുരം സർവിസ് സഹകരണ ബാങ്കാണ് പരേതന് നോട്ടീസ് അയച്ചത്. അഞ്ച് വർഷം മുമ്പ് മരണപ്പെട്ട വൈക്കം പോളശ്ശേരി പേരായിൽ വീട്ടിൽ പീതാംബരന്റെ മകൻ സിജിമോന്റെ പേരിലാണ് ബാങ്ക് ഭരണസമിതി നോട്ടീസ് അയച്ചത്. 2021 ജനുവരി നാലിനായിരുന്നു സിജിമോൻ മരിച്ചത്.
ലോൺ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സിജിമോന്റെ പേരിൽ ഉദയനാപുരം സർവിസ് സഹകരണ ബാങ്ക് അയച്ച നോട്ടീസ്
2023 ജൂലൈയിൽ എടുത്ത ലോണിന്റെ ബാക്കി തുകയായ 2,98,326 രൂപയും പലിശയിനത്തിൽ 48,904 രൂപയും നോട്ടീസ്പടി 150 രൂപയും മറ്റിനത്തിലെ 50 രൂപയുമടക്കം 3,47,430 രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അയച്ച നോട്ടീസിൽ പറയുന്നത്. ലോൺ തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും സെക്രട്ടറി അയച്ച നോട്ടീസിലുണ്ട്. അഞ്ച് വർഷം മുമ്പ് അസുഖ ബാധിതനായാണ് സിജിമോൻ മരിച്ചത്. 40 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഉദയനാപുരം ബാങ്കിൽ നിന്ന് നേരത്തെ എടുത്ത ലോൺ സിജിമോൻ മരിക്കും മുമ്പുതന്നെ അടച്ചുതീർക്കുകയും ചെയ്തിരുന്നു. നോട്ടീസ് കിട്ടിയതിന്റെ അങ്കലാപ്പിൽ ബാങ്ക് അധികൃതരുമായി സിജിമോന്റെ കുടുംബം ബന്ധപ്പെട്ടിരുന്നു.
സി.പി.എമ്മും സി.പി.ഐയും സംയുക്തമായാണ് ഉദയനാപുരം സർവിസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. എന്നാൽ, ആളുമാറി അബദ്ധം പറ്റിയതാണെന്നാണ് സിജിമോന്റെ വീട്ടിലെത്തിയ ബാങ്ക് ഭരണസമിതിക്കാർ നൽകിയ വിശദീകരണം. അതേസമയം, ഇങ്ങനെ പലരുടെയും പേരിൽ ബാങ്ക് ഭരണസമിതിക്കാർ തന്നെ ലോൺ എടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് സിജിമോന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.