കോട്ടയം: കാപ്പിക്കുരു ഉൽപാദനം കുറഞ്ഞതിന് പിന്നാലെ, കാപ്പിപ്പൊടി വില പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക്. മാസങ്ങളായി ഉയർന്നുനിൽക്കുന്ന കാപ്പിപ്പൊടി വില കഴിഞ്ഞദിവസങ്ങളിൽ 800 രൂപയിലെത്തി. കാപ്പിക്കുരു വര്‍ധിക്കുന്നതിന്റെ ഇരട്ടിവേഗത്തിലാണ് കാപ്പിപ്പൊടിയുടെ വില ഉയരുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം 400 രൂപയായിരുന്നു ചെറുകിട കമ്പനികളുടെ കാപ്പിപ്പൊടിയുടെ വിലയെങ്കില്‍ നാല് മാസം മുമ്പ് കിലോക്ക് ചില്ലറവില 680 രൂപയായി. പിന്നീട് ഇത് ഉയർന്ന് 720 -750 രൂപ വരെയായി. ഇതാണ് രണ്ടാഴ്ചമുമ്പ് 800ലെത്തിയത്.
വന്‍കിട കമ്പനികളുടെ കാപ്പിപ്പൊടിക്ക് ഇതിലും ഉയർന്ന നിരക്ക് നൽകണമെന്ന് വ്യാപാരികൾ പറയുന്നു. രാജ്യാന്തര തലത്തിലുണ്ടായ കാപ്പിക്കുരു ക്ഷാമമാണ് വില കുതിച്ചുയരാൻ കാരണമായത്. ആഭ്യന്തര വിപണിയിലും കുരു കിട്ടാനില്ല. ഉയർന്ന വിലയ്ക്കുപോലും കാപ്പിക്കുരു കിട്ടാനില്ലാത്തത് കാപ്പിപ്പൊടി നിർമാതാക്കളെ വലയ്ക്കുന്നുണ്ട്.
വില കൂടിയതോടെ, വീടുകള്‍ കയറിയിറങ്ങി കാപ്പിക്കുരു വാങ്ങുന്ന വ്യാപാരികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ലഭ്യമല്ലെന്ന് ഇവർ പറയുന്നു. ഇടത്തരം, ചെറുകിട വ്യാപാരികള്‍ പലരും കാപ്പിക്കുരു വന്‍തോതില്‍ വാങ്ങി സംഭരിക്കുന്നതും ലഭ്യത കുറയാൻ കാരണമാണ്. വേഗം കേടാകില്ലെന്നതും കാപ്പിക്കുരു സംഭരിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഹൈറേഞ്ച്, വയനാട്, കൂർഗ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് മധ്യകേരളത്തിലേക്കാവശ്യമായ കാപ്പിക്കുരു പ്രധാനമായി എത്തുന്നത്.
അതിനിടെ, സീസൺ തുടക്കത്തിൽ കുതിച്ചുയർന്ന കാപ്പിക്കുരു വിലയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. 292 രൂപ വരെ ഉയർന്ന തൊണ്ടോട് കൂടിയ കാപ്പിക്കുരുവിന്റെ വില ഇപ്പോൾ 270-280 നിരക്കിലാണ്. കാപ്പി പരിപ്പിന്റെ വില 440 രൂപ വരെയുമായിട്ടുണ്ട്.
ജില്ലയില്‍ പൂര്‍ണമായും കാപ്പി കൃഷി ചെയ്യുന്നവര്‍ വിരളമാണെങ്കിലും ഇടവിളയായി കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍, കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് ഉൽപാദനം നാലിലൊന്നായി കുറഞ്ഞതായി ഇവർ പറയുന്നു. വില ഉയർന്നത് കർഷകർക്ക് ആഹ്ലാദം പകരുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് തിരിച്ചടിയാണ്. വില ഉയർന്നതോടെ കോട്ടയത്തെയടക്കം ചില ഹോട്ടലുകളിലും ബേക്കറികളിലും കടുംകാപ്പിയുടെ വിൽപന അവസാനിപ്പിച്ചിട്ടുണ്ട്. ഈ വിലക്ക് പൊടി വാങ്ങി കാപ്പി വിറ്റാൽ മുതലാകില്ലെന്നാണ് ഇവർ പറയുന്നത്.
കൃത്രിമം നടത്തി തട്ടിപ്പും
വിലവര്‍ധനക്ക് പിന്നാലെ, കാപ്പിപ്പൊടിയിൽ വന്‍തോതില്‍ കൃത്രിമം നടത്തുന്നതായും പരാതിയുണ്ട്. ചിക്കറിയുടെ അളവ് വര്‍ധിപ്പിച്ചും തൊണ്ട് വറുത്തുപൊടിച്ച് ചേര്‍ത്തും ലാഭം കൊയ്യുന്നവരുണ്ട്. ഇത്തരം മേഖലകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനകള്‍ ഇല്ലാത്തതും മായം കലര്‍ത്തൽ വ്യാപകമാകാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.