തോട്ടുമുക്ക് മാതാക്കൽ പാലത്തിലെ ബീമുകളിൽ കോൺക്രീറ്റ് ഇളകിയതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തുന്നു
ഈരാറ്റുപേട്ട: തൊടുപുഴ റോഡിലെ അൽ മനാർ സ്കൂളിന് സമീപമുള്ള തോട്ടുമുക്ക് മാതാക്കൽ പാലത്തിന്‍റെ ബീമുകൾക്ക് കേടുപാടുകൾ കണ്ടതോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പാലത്തിന്‍റെ ശോച്യാവസ്ഥയിൽ കഴിഞ്ഞ ദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് എം.എൽ.എ വിഷയത്തിൽ ഇടപെട്ടതാണ് നവീകരണ പ്രവർത്തനം വേഗത്തിലാക്കാൻ കാരണം.
കാലപ്പഴക്കത്തെ തുടർന്ന് പാലത്തിനടിയിൽ പ്രധാന ബീമുകൾക്ക് താഴെയായി കോൺക്രീറ്റ് അടർന്ന് തുരുമ്പിച്ച് കമ്പികൾ പുറത്ത് കണ്ടു തുടങ്ങിയിരുന്നു. മഴക്കാലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് ബീമുകളുടെ ശക്തിക്ഷയിക്കാൻ കാരണം.
കാഞ്ഞിരം കവല -കാഞ്ഞിരപള്ളി ഹൈവേയിലെ പ്രധാന പാലമാണിത്. നൂറു കണക്കിന് വാഹനങ്ങളും അനേകം ഭാരവണ്ടികളും കടന്നു പോകുന്ന പ്രധാന റോഡാണിത്. അൽ മനാർ, എം.ജി.എച്ച്.എസ് തുടങ്ങിയ സ്കുളുകളിലെ വിദ്യാർഥികളുടെ പ്രധാന നടപ്പ് വഴിയും കൂടിയാണ്. വാഹനത്തിരക്ക് കുടിയതോടെ കാൽനട യാത്രികർ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. പാലത്തിന് പുറത്ത് കൂടി നടപ്പാത നിർമിച്ച് സൗകര്യപ്രദമായ നിലയിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.