ജോബ് സക്കറിയ, ഷേര്‍ലി മാത്യു
കാഞ്ഞിരപ്പള്ളി: ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കട്ടപ്പന നെടുങ്കണ്ടം കല്ലാര്‍ഭാഗം തുരുത്തിയില്‍ ഷേര്‍ലി മാത്യു (45), കോട്ടയം താഴത്തങ്ങാടി ആലുംമൂട് കുരുട്ട്പറമ്പില്‍ ജോബ് സക്കറിയ (38) എന്നിവരെയാണ് കൂവപ്പള്ളി കുളപ്പുറത്തുള്ള ഷേര്‍ലിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്.
ഷേര്‍ളിയും ജോബും ഏറെനാളായി സൗഹൃദത്തിലായിരുന്നെന്നും കുളപ്പുറത്തെ വീട്ടില്‍ ജോബ് പതിവായി എത്തുമായിരുന്നുവെന്നും നാളുകളായി ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റ് ബന്ധങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
എട്ടുമാസം മുമ്പാണ് കൂവപ്പള്ളി കുളപ്പുറത്ത് ഇവര്‍ താമസത്തിനെത്തിയത്. ഷേര്‍ളിയെ മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും ജോബിനെ ഹാളില്‍ സ്‌റ്റെയര്‍കേസില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഷേർളിയെ കൊലപ്പെടുത്തിയശേഷം ജോബി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ മുന്‍ഭാഗം പൂട്ടിയനിലയിലും അടുക്കള വാതില്‍ തുറന്നിട്ട നിലയിലുമാണ്. നാട്ടുകാരുമായി സംസാരിക്കാറുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ പങ്കുവെച്ചിരുന്നില്ല. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് ഷേര്‍ളിയുമായി പരിചയമുള്ളയാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.