കോയിക്കക്കാവിൽ തീർഥാടകരെ പൊലീസ് തടയുന്നു

കാനന പാതയിൽ തീർഥാടകരെ തടഞ്ഞു; പ്രതിഷേധം

എരുമേലി: ശബരിമലയിൽ അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ കാനനപാതയിൽ തീർഥാടകരെ പൊലീസ് തടഞ്ഞതിൽ പ്രതിഷേധം. എരുമേലി - മുണ്ടക്കയം റോഡിന്‍റെ വിവിധ ഭാഗങ്ങളിലും കാനനപാതയുടെ പ്രവേശന ഭാഗമായ കോയിക്കക്കാവ് വനാതിർത്തിയിലും പൊലീസ് കുറുകെ കയറി കെട്ടി തീർഥാടകരെ തടഞ്ഞു.

മകരവിളക്ക് മഹോത്സവ ഭാഗമായി കാനനപാതയിലൂടെയുള്ള തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. ചുട്ടുപൊള്ളുന്ന വെയിലത്തും അയ്യപ്പഭക്തരെ നടുറോഡിൽ തടഞ്ഞത് പ്രതിഷേധത്തിന് കാരണമായി. തീർഥാടകരിൽ ചിലർ സമീപത്തെ റബർ തോട്ടങ്ങളിലൂടെ തടസ്സം മറികടന്ന് പോയെങ്കിലും കോയിക്കക്കാവ് വനാതിർത്തിയിൽ പൊലീസ് തടഞ്ഞു. പിന്നീട് അരമണിക്കൂർ ഇടവിട്ട് കുറച്ചു തീർഥാടകരെ വീതം കടത്തിവിട്ടതായി വനപാലകർ പറഞ്ഞു.

എരുമേലി ടൗണിന് സമീപം പൊലീസ് വാഹനം റോഡിലിട്ട് തീർഥാടകർക്ക് മുന്നോട്ട് പോകുന്നതിനു തടസ്സം തീർത്തതായി അയ്യപ്പ ഭക്തർ പറഞ്ഞു. നടുറോഡിൽ തീർഥാടകരെ തടഞ്ഞതോടെ നാട്ടുകാരടക്കം ഗതാഗത കുരുക്കിൽ അകപ്പെട്ടു. ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും വ്യാപാരികളും പ്രതിഷേധവുമായി ഇറങ്ങി. പ്രതിഷേധം ശക്തമായതോടെ തീർഥാടകരെ പൊലീസ് കടത്തിവിട്ടു.

Tags:    
News Summary - Pilgrims stopped on forest path; protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.