ചന്ദനക്കുടം, പേട്ടതുള്ളൽ: കൂടുതൽ സുരക്ഷ ഒരുക്കി ജില്ല പൊലീസ്

കോട്ടയം: ശബരിമല മണ്ഡല, മകരവിളക്കിനോട് അനുബന്ധിച്ച് 11,12 തീയതികളിൽ എരുമേലിയിൽ നടക്കുന്ന ചന്ദനക്കുടം, പേട്ടതുള്ളൽ എന്നിവക്കായി ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്. ഇതിനായി നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർക്കും പുറമേ 200ഓളം പൊലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കും.

ചന്ദനക്കുടം, പേട്ടതുള്ളല്‍ ദിവസങ്ങളില്‍ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ മോഷണം, പിടിച്ചുപറി, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി എരുമേലി കേന്ദ്രീകരിച്ച് മഫ്റ്റി പൊലീസിനെ നിയോഗിക്കും. കൂടാതെ എരുമേലിയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നിരീക്ഷണ കാമറകളും ഇതിനായി പ്രയോജനപ്പെടുത്തും.

എരുമേലിയിലും പരിസരപ്രദേശങ്ങളിലും അനധികൃത പാർക്കിങ് അനുവദിക്കുന്നതല്ല. ഈ ദിവസങ്ങളിൽ പൊലീസ് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കരിങ്കല്ലുമൂഴി മുതൽ കണമല വരെയുള്ള ദൂരപരിധിയിൽ നിരീക്ഷണത്തിനായി ബൈക്ക് പെട്രോളിങ് ടീമിനെ ഏർപ്പെടുത്തും. ഈ ദിവസങ്ങളിൽ എരുമേലിയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതു കൂടാതെ സുരക്ഷാ മുൻകരുതലെന്നോണം പൊലീസ് വ്യോമ നിരീക്ഷണവും ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രത്യേക നിരീക്ഷണവും നടത്തി വരുന്നതായും അടിയന്തര സാഹചര്യമുണ്ടായാൽ അത് നേരിടുന്നതിനു വേണ്ടി പ്രത്യേകം പരിശീലനം നേടിയ ക്യു.ആർ.ടി ടീമിനെയും നിയോഗിക്കുമെന്നും എസ്.പി പറഞ്ഞു.

Tags:    
News Summary - Chandanakudam, Petta Thullal: The district police has prepared more security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.