കെ.എസ്.ആർ.ടി.സിക്ക് കേന്ദ്ര സംവിധാനം; ജില്ലയിലേത് ചങ്ങനാശ്ശേരിയിൽ

കോട്ടയം: ചെലവുചുരുക്കലിന്‍റെ ഭാഗമായി കെ.എസ്.ആർ.ടി.സി കേന്ദ്രഓഫിസ് സംവിധാനത്തിലേക്ക്. ഡിപ്പോകളിലെ അഡ്മിനിസ്ട്രേറ്റിവ്, അക്കൗണ്ട്‌സ് വിഭാഗങ്ങൾ ജില്ലയിൽ ഒരിടത്ത് കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ കേന്ദ്രഓഫിസ് ചങ്ങനാശ്ശേരി ഡിപ്പോയിലാകും. മറ്റ് ഡിപ്പോകളിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ ഇവിടേക്ക് മാറ്റും.

എന്നാൽ, ഇതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഡിപ്പോകളെ ഓപറേറ്റിങ് സെന്‍ററാക്കി മാറ്റാനാണ് നീക്കമെന്നും ഇത് പ്രവർത്തനങ്ങൾ അവതാളത്തിലാക്കുമെന്നും ആക്ഷേപം ഉയരുന്നു. സർവിസുകളെയോ പൊതുജനങ്ങളെയോ ബാധിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നു. ഡി.ടി.ഒ, എ.ടി.ഒ ഓഫിസുകളിൽ ജീവനക്കാരുടെ സേവന റെക്കോഡുകൾ തുടർന്നും സൂക്ഷിക്കും. യാത്രക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങളും ഡിപ്പോകളിൽ തുടരുമെന്ന് കെ.എസ്.ആർ.ടി.സി പറയുന്നു.

നേരത്തേ കെ.എസ്.ആർ.ടി.സി നവീകരണത്തെക്കുറിച്ച് പഠിച്ച സുശീൽഖന്ന റിപ്പോർട്ടിൽ ഇത് സംബന്ധിച്ച ശിപാർശയുണ്ടായിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്ത് നിലവിലെ 90 ഡിപ്പോകൾ 15 എണ്ണമാക്കി ചുരുക്കും. പല ജില്ലകളിലും ഇതിന്‍റെ നടപടികൾ ആരംഭിച്ചിരുന്നു.

എല്ലാ ഡിപ്പോ, സബ് ഡിപ്പോകളിലെയും മിനിസ്‌റ്റീരിയൽ, അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാര്‍ ഒന്നിച്ച് ഒരു കേന്ദ്രത്തില്‍ എത്തുമ്പോള്‍ വിവിധ തട്ടുകളിലെ ജീവനക്കാരുടെ ഘടനയും പുനഃസംഘടിപ്പിക്കും. അതത് ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് അവരുടെ സര്‍വിസ് സംബന്ധമായ കാര്യങ്ങള്‍ ചങ്ങനാശ്ശേരിയിലെ ഓഫിസിൽ നിന്നറിയാം. നിലവിലെ യൂനിറ്റുകളിലെ ഫയലുകളും രേഖകളും ജില്ല ഓഫിസിലേക്ക് മാറ്റും.

എന്നാൽ, സർവിസുകളെല്ലാം പഴയ പോലെ യൂനിറ്റ് അടിസ്ഥാനത്തിലാകും നടത്തുക. ഒരു സീനീയർ ഇൻസ്പെക്ടർ, സ്റ്റേഷൻ മാനേജർ എന്ന നിലയിൽ ഇവിടെയുണ്ടാകും. ടിക്കറ്റ്, കലക്ഷൻ എന്നിവ നൽകാനും സ്വീകരിക്കാനും നാമമാത്ര ജീവനക്കാർ നിലവിലുണ്ടാകും.

അതേസമയം, ഉത്തരവ് എത്തിയെങ്കിലും എന്നുമുതലാണ് പുതിയ സംവിധാനമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് വന്നശേഷമാകും തുടർനടപടികൾ. എന്നാൽ, ചങ്ങനാശ്ശേരി ഡിപ്പോയിൽ പരിമിത സൗകര്യങ്ങളേയുള്ളൂവെന്ന് ജീവനക്കാർ പറയുന്നു. നേരത്തേ മിനിസ്‌റ്റീരിയല്‍ ജീവനക്കാര്‍ക്ക് താമസസ്ഥലത്തിനടുത്ത് ജോലി സൗകര്യം ലഭിച്ചിരുന്നു. ഇനി എല്ലാ ജീവനക്കാരും ചങ്ങനാശ്ശേരിയിൽ എത്തേണ്ടിവരും. ഇതിൽ മിനിസ്റ്റീരിയൽ ജീവനക്കാർ കടുത്ത അതൃപ്തിയിലാണ്.

ഇതേ മാതൃകയിൽ വര്‍ക്‌ഷോപ്പുകളും ഏകീകരിക്കും. പാലായിലാകും ജില്ല വർക്ഷോപ്. വലിയ അറ്റകുറ്റപ്പണി ഇവിടെയാകും നടത്തുക. മറ്റ് ഡിപ്പോകളിൽ ചെറിയ രീതിയിൽ വർക്ഷോപ് സംവിധാനം മാത്രമാകും ഉണ്ടാകുകയെന്നാണ് സൂചന. എന്നാൽ, ഇക്കാര്യങ്ങളിൽ വ്യക്തതയായിട്ടില്ല.

Tags:    
News Summary - Central system for KSRTC; District in Changanassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.