കോട്ടയം: ഇറച്ചിക്കോഴി വിലയിൽ കുതിപ്പ്. രണ്ടാഴ്ചക്കിടെ 20 രൂപയിലധികമാണ് വിലയിലുണ്ടായ വർധന. മധ്യവേനലവധി കഴിയുമ്പോൾ ചിക്കൻവില കുറയുന്നതായിരുന്നു പതിവെങ്കിലും ഇപ്പോൾ കോട്ടയത്ത് കിലോക്ക് 159-161 രൂപവരെ നൽകണം. ഈവർഷത്തെ ഏറ്റവും ഉയർന്ന വിലയാണിതെന്ന് വ്യാപാരികൾ പറയുന്നു. ജില്ലയുടെ ചിലഭാഗങ്ങളിൽ 165 രൂപക്കുവരെയാണ് ചില്ലറവിൽപന. ആഴ്ചകളായി 150 രൂപക്ക് മുകളിലാണ്. ജൂൺ ആരംഭിച്ചിട്ടും ഇതിൽ കുറവുണ്ടായിട്ടില്ല. കഴിഞ്ഞവർഷങ്ങളിൽ ഈ സമയത്ത് 90-110 രൂപ വരെയായിരുന്നു വിലയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലത്തായിരുന്നു ഇതിനുമുമ്പ് കോഴിയിറച്ചി വിലയിൽ വൻകുതിപ്പുണ്ടായത്.ചൂട് കാരണം അന്തർ സംസ്ഥാന ഫാമുകളിൽ കോഴി ഉൽപാദനം കുറഞ്ഞതും കോഴിത്തീറ്റയുടെ വിലവർധനയുമാണ് വില ഉയരാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു. കനത്ത ചൂടിൽ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങിയിരുന്നു. അതിർത്തി സംസ്ഥാനമായ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കൂടുതലായി കോഴിയെത്തുന്നത്. ഇവിടെയും സമാന സ്ഥിതിയാണ്. ഫാമുകളിലെ ജലക്ഷാമവും ഉൽപാദനത്തെയും വളർച്ചയെയും ബാധിക്കുന്നുണ്ട്. കനത്ത ചൂടിൽ കർഷകർ ഉൽപാദനം കുറച്ചതും വില ഉയരാൻ കാരണമായി. പൊള്ളുന്ന വെയിലും ചൂടുംമൂലം കോഴികൾ തീറ്റയും ധാന്യങ്ങളും ഭക്ഷിക്കാത്ത സ്ഥിതിയാണ്. വെള്ളം മാത്രമാണ് ആകെയുള്ള ആഹാരം. ഇത് തൂക്കം കുറയുന്നതിന് കാരണമാകും. തൂക്കം കുറയുന്നത് കർഷകർക്ക് നഷ്ടമായതോടെ പലരും ഉൽപാദനം കുറച്ചു. കോഴിത്തീറ്റ വില കൂടിയതോടെ പ്രാദേശിക ഫാമുകളിലും ഉൽപാദനം കുറഞ്ഞു. ഇത് വിപണിയിൽ പ്രതിഫലിച്ചു. നഷ്ടം കാരണം നിരവധി ഫാമുകൾ പൂട്ടിപ്പോയതാണ് തദ്ദേശീയ ഉൽപാദനക്കുറവിന് ഇടയാക്കിയത്.
കുറഞ്ഞ വിലക്ക് കോഴിയിറച്ചി ലഭ്യമാക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരള ചിക്കൻ ഔട്ട്ലറ്റുകൾ തുറന്നെങ്കിലും ഇത് വ്യാപകമായിട്ടില്ല. ഒറ്റപ്പെട്ട ഔട്ട്ലറ്റുകൾ മാത്രമാണ് ഇപ്പോഴും ജില്ലയിൽ പ്രവർത്തിക്കുന്നത്.
ഹോട്ടലുകളിൽ വ്യത്യസ്തങ്ങളായ ‘ചിക്കൻ’ വിഭവങ്ങൾ കൂടിയതും ഡിമാൻഡ് വർധിച്ചതും വിലകൂടാൻ കാരണമായിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികളടക്കം വലിയതോതിൽ ചിക്കൽ വിഭവങ്ങൾ തേടിയെത്തിയതോടെ വിൽപനയിൽ വലിയ വർധനയുണ്ടായിരുന്നു.
കേരളത്തിൽ ദിനംപ്രതി 25 ലക്ഷം ഇറച്ചിക്കോഴികളാണ് വിൽക്കുന്നതെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷന്റെ കണക്ക്. ഇതിനിടെ, കോഴി മുട്ടയുടെ വിലയും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.