പള്ളിക്കത്തോട്: അന്ധരായ മാതാവിനെയും മകനെയും ബസിൽനിന്ന് ഇറക്കിവിട്ടതായി പരാതി. ആനിക്കാട് കിഴക്ക് ചപ്പാത്ത് പൈക്കലിൽ ആരോൺ ബെന്നിയെയും മാതാവ് നെജീന മേരിയെയുമാണ് ബസിൽനിന്ന് ഇറക്കിവിട്ടത്. തിങ്കളാഴ്ച രാവിലെ 8.30ന് കോട്ടയം-എരുമേലി റൂട്ടിൽ ഓടുന്ന സെന്റ് സെബാസ്റ്റ്യൻ ബസിലാണ് സംഭവം. മൂക്കാലി ചപ്പാൽനിന്ന് ബസിൽ കയറിയ അന്ധരായ ഇരുവരും ഇരിപ്പിടം ചോദിച്ചെങ്കിലും ആൾക്കാർ ഇരിക്കുകയാണെന്ന് പറഞ്ഞ് ജീവനക്കാരൻ നിഷേധിച്ചു.
കുറച്ച് ദൂരം പിന്നിട്ടപ്പോൾ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ആരോൺ തലയിടിച്ച് ബസിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. മുറിവേറ്റ ആരോണിനെ പ്രഥമ ശുശ്രൂഷ നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ മറ്റൊരു വാഹനം തരപ്പെടുത്തി കൊടുക്കാനോ ബസ് ജീവനക്കാർ തയാറായില്ല. പകരം ഇളപ്പൂക്കൽ സ്റ്റോപ്പിൽ ഇരുവരെയും ഇറക്കിവിടുകയായിരുന്നു.
15 വർഷമായി റെജീന ഈ ബസിലെ സ്ഥിരം യാത്രക്കാരിയാണ്. കാളകെട്ടി അസീസിയ അന്ധവിദ്യാലയത്തിലെ അധ്യാപികയാണ് റെജീന. ഷാരോൺ ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. കൂടാതെ സംസ്ഥാന സർക്കാറിന്റെ 2023ലെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വിദ്യാർഥിയുമാണ്. ഭിന്നശേഷിക്കാരായ ഇരുവർക്കും അനുവദിച്ചിരിക്കുന്ന ഇരിപ്പിടം കൊടുക്കാൻ തയാറാകാത്ത ബസ് ജിവനക്കാരുടെ നടപടിക്കെതിരെ പള്ളിക്കത്തോട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ആരോണിന്റെ പിതാവ് ബെന്നി എബ്രഹാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.