കെട്ടിടങ്ങൾക്ക്​ ബലക്ഷയം: മുണ്ടക്കയത്ത്​ 14 അംഗന്‍വാടികള്‍ക്ക് പൂട്ടുവീണേക്കും

മുണ്ടക്കയം: കെട്ടിടങ്ങൾക്ക്​ ബലക്ഷയം ബാധിച്ചതിനെ തുടർന്ന്​ മുണ്ടക്കയത്ത്​ 14 അംഗന്‍വാടികള്‍ക്ക് പൂട്ടുവീണേക്കും. ഐ.സി.ഡി.എസ് മുണ്ടക്കയം അഡീഷനലിന്റെ കീഴിലെ മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്തുകളിലെ 14 അംഗന്‍വാടികൾക്ക്​ ബലക്ഷയം കണ്ടെത്തിയതിനാൽ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ക്ക് വ്യാഴാഴ്ച നോട്ടീസ് നല്‍കി. പകരം സംവിധാനം ഒരുക്കണമെന്ന്​ ആവശ്യപ്പെട്ടാണ് പഞ്ചായത്തുകളെ സമീപിച്ചത്. ബലക്ഷയം കണ്ടെത്തിയ നിരവധി അംഗന്‍വാടികള്‍ ഉദ്യോഗസ്ഥര്‍ ഇടപെടും മുമ്പുതന്നെ മറ്റു കെട്ടിടങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റിയിരുന്നു. ഫിറ്റ്‌നസില്ലാത്തതിന്റെ പേരില്‍ ജില്ലയിലെ നൂറുകണക്കിന് അംഗന്‍വാടികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വൈക്കത്ത് അംഗന്‍വാടി കെട്ടിടം തകര്‍ന്നു വിദ്യാര്‍ഥിക്ക്​ പരിക്കേറ്റതിനെ തുടർന്നാണ്​ വകുപ്പുതല ഉദ്യോഗസ്ഥര്‍ പകരം സംവിധാനം ആവശ്യപ്പെട്ട്​ പഞ്ചായത്തുകള്‍ക്ക്​ കത്ത്​ നല്‍കിയത്. കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന്റെ കീഴിലുള്ള പത്തോളം അംഗന്‍വാടികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നതായി 'മാധ്യമം' വാർത്ത നൽകിയിരുന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, മ്ലാക്കര, ഉരുള്‍മൊട്ട, വല്യേന്ത, കൂട്ടിക്കല്‍ പ്രദേശങ്ങളിലെ അംഗന്‍വാടികളും പ്രതിസന്ധിയിലാണ്​. മ്ലാക്കരയിലെ അംഗന്‍വാടിയിൽ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നു അറ്റകുറ്റപ്പണി നടത്തി താൽക്കാലിക സംവിധാനം ഒരുക്കി. ഉരുള്‍മൊട്ടയിലെ കെട്ടിടം അപകടാവസ്ഥയിലായതിനാൽ അനുമതി നല്‍കാനാവില്ല. ഇവിടെ തൊഴിലുറപ്പ്​ പദ്ധതിയില്‍പെടുത്തി പുനരുദ്ധാരണം നടത്തുന്നതുവരെ അംഗന്‍വാടി കമ്യൂണിറ്റി ഹാളിലേക്കു മാറ്റും. കൊടുങ്ങയിലും പുനരുദ്ധാരണം ആരംഭിച്ചു. വല്യേന്തയിലെ അംഗന്‍വാടി കമ്യൂണിറ്റി ഹാളിലേക്കു മാറ്റി. കൂട്ടിക്കല്‍ പാലം ജങ്ഷനിലെ അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്​ സമീപത്തെ വ്യക്തി വിട്ടുനല്‍കിയ സ്ഥലത്ത് ഷെഡ് സ്ഥാപിച്ചായിരുന്നു​ പ്രവര്‍ത്തനം​. കഴിഞ്ഞ പ്രളയത്തില്‍ ഷെഡ്​ തകർന്നു. അംഗന്‍വാടിക്ക്​ പുതിയ സ്ഥലം കണ്ടെത്തണം. മുണ്ടക്കയം പഞ്ചായത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആനിക്കുന്ന്​, അസംബനി, പുത്തന്‍ചന്ത, വണ്ടന്‍പതാല്‍ അംഗന്‍വാടികള്‍ക്ക് സൗകര്യമൊരുക്കേണ്ടതുണ്ട്. പുത്തന്‍ ചന്ത അംഗന്‍വാടിയുടെ പ്രവര്‍ത്തനം താൽക്കാലികമായി കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലേക്കു മാറ്റി. പാറത്തോട് പഞ്ചായത്തിലെ കൂവപ്പള്ളി അംഗന്‍വാടി കെട്ടിടവും അപകടാവസ്ഥയിലായതോടെ മഹിള സംഘം കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും പ്രവര്‍ത്തനം അപകടാവസ്ഥയിലാണ്. കോരുത്തോട് പഞ്ചായത്തിലെ മാങ്ങാപ്പേട്ട, പാറമട, റാക്കപതാല്‍ അംഗന്‍വാടികളും പ്രവര്‍ത്തനക്ഷമമല്ല. അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ വിവരങ്ങള്‍ ബോധ്യപ്പെടുത്തി പഞ്ചായത്തുകള്‍ക്ക് കത്ത്​ നല്‍കിയതായി സി.ഡി.പി.ഒ കെ.എസ്. അജിത പറഞ്ഞു. പഞ്ചായത്തിനു വിട്ടുകിട്ടിയ സ്ഥാപനങ്ങളില്‍പെട്ടതാണ് അംഗന്‍വാടികള്‍. അവിടെ സുരക്ഷിതത്വം ഒരുക്കാന്‍ പഞ്ചായത്തിനാണ് അവകാശമെന്നും സി.ഡി.പി.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.