'കേരള സവാരി' തുടങ്ങുന്നു; 'ആപ്പി'ലെത്തും സർക്കാർ ടാക്സി

തൊടുപുഴ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സംസ്ഥാന സർക്കാറിന്‍റെ ഓൺലൈൻ ടാക്സി സേവനമായ 'കേരള സവാരി'ക്ക്​ തുടക്കമാകുന്നു. പരീക്ഷണാടിസ്ഥാനത്തിൽ മേയ്​ 19ന്​ തിരുവനന്തപുരം നഗരത്തിൽ സേവനം നിലവിൽ വരും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്​ട്രീസിന്‍റെ (ഐ.ടി.ഐ) സാ​​ങ്കേതിക പങ്കാളിത്തത്തോടെ സംസ്ഥാന തൊഴിൽ വകുപ്പാണ്​ പദ്ധതി നടപ്പാക്കുന്നത്​. കേരള​ മോട്ടോർ ട്രാൻസ്​പോർട്ട്​ വർക്കേഴ്​സ്​ വെൽഫെയർ ഫണ്ട്​ ബോർഡാണ് ഉബർ, ഓല മാതൃകയിൽ കേരള സവാരി എന്ന പേരിൽ ഓൺലെൻ ഓട്ടോ, ടാക്സി സേവനം തുടങ്ങുന്നത്​ സംബന്ധിച്ച്​ സർക്കാറിന്​ നിർദേശം സമർപ്പിച്ചത്​. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന്​ തിരുവനന്തപുരത്ത്​ പദ്ധതിക്ക്​ തുടക്കമാകുമെന്ന്​ പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോയി. സോഫ്​റ്റ്​വെയർ, ജി.പി.എസ്​ ഏകോപനം, കാൾ സെന്‍റർ എന്നിവയടക്കം പദ്ധതിയുടെ പ്രാരംഭ ചെലവുകൾ പൂർണമായും ഐ.ടി.ഐയാകും വഹിക്കുക. ടാക്സി ബുക്ക്​ ചെയ്യുന്നതിന്​ മൊബൈൽ ആപ്പുണ്ടാകും. ആപ്പിലെ ഓരോ ബുക്കിങ്ങിലും മൊത്തം വരുമാനത്തിന്‍റെ ആറുശതമാനം ഐ.ടി.ഐക്കും രണ്ടുശതമാനം സർക്കാറിനുമാണ്​. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്‍ററും പദ്ധതിയുടെ ഭാഗമാണ്​. പൈലറ്റ്​ പ്രോജക്ടിൽ 75 ഓട്ടോയും 25 ടാക്സി കാറുമാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​. ഇതിൽ 15 ഓട്ടോയിലും അഞ്ച്​ ടാക്സിയിലും വനിത ഡ്രൈവറായിരിക്കും. സാ​ങ്കേതിക സമിതിയും നാറ്റ്​പാകും പൈലറ്റ്​ പദ്ധതി വിലയിരുത്തി നൽകുന്ന നിർദേശങ്ങളും ശിപാർശകളും പരിഗണിച്ചാകും പിന്നീട്​ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുക. സംസ്ഥാന വ്യാപകമായി നടപ്പാക്കുമ്പോൾ ഏഴ്​ ലക്ഷം ഓട്ടോകളും അഞ്ചുലക്ഷം ടാക്സി കാറുകളും പദ്ധതിയുടെ ഭാഗമാകും. മോട്ടോർ വാഹന വകുപ്പ്​ നിശ്ചയിക്കുന്ന നിരക്കാണ്​ യാത്രക്കാർ നൽകേണ്ടത്​. ഇത്​ മൊബൈൽ ആപ്പിലുണ്ടാകും. 'കേരള സവാരി'യുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. അലർട്ട്​ ബട്ടനടക്കം സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ടാകും. പൊലീസ്​, മോട്ടോർ വാഹനം, ലീഗൽ മെട്രോളജി വകുപ്പുകളും ഐ.ടി മിഷൻ, ആസൂത്രണ ബോർഡ്​ എന്നിവയും വിവിധ തലങ്ങളിൽ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്​. -പി.പി. കബീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.