മണിമല: വെള്ളാവൂർ പഞ്ചായത്തിൽ ഏറത്തു വടകര ഭാഗത്ത് ഡെങ്കിപ്പനി പടരുന്നു. 11ാം വാർഡിൽ 22 പേർക്കും ഏഴാം വാർഡിൽ ഒരാൾക്കും പനി സ്ഥിരീകരിച്ചു. ഏഴാം വാർഡിൽപ്പെട്ട ഒരാൾ എറണാകുളത്തുനിന്ന് എത്തിയതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 23 പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പനിബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തി.
വെള്ളാവൂർ കുടുംബാരോഗ്യകേന്ദ്രം പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ വീടുകളിലും പുരയിടങ്ങളിലും പരിശോധന നടത്തി മലിനജലം നീക്കം ചെയ്തു തുടങ്ങി. റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കി. കൈത തോട്ടങ്ങളിൽ മരുന്ന് തളിക്കുന്നതിനും നടപടി ആരംഭിച്ചു. രോഗബാധിത പ്രദേശങ്ങളടക്കമുള്ള വാർഡിൽ ഫോഗിങ്ങും നടത്തി.
ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കൊപ്പം രോഗബാധിത വീടുകളിൽ ഹോമിയോ പ്രതിരോധ മരുന്നും ആയുർവേദ ആശുപത്രിയിൽനിന്ന് കൊതുകുകളെ തുരത്താൻ പുകയ്ക്കുന്നതിനാവശ്യമായ പൊടിയും വിതരണം ചെയ്തു.
വെള്ളാവൂർ പഞ്ചായത്തിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഏറത്തു വടകരയിലെ എം.സി.എഫിൽ സൂക്ഷിച്ചിരുന്നു. ഇവിടെനിന്നാണ് ഡെങ്കിപ്പനിയുടെ ഉറവിടമെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവിടെയല്ല ഉറവിടമെന്ന് കണ്ടെത്തി. തുടർന്ന് പൊതു ജനങ്ങൾക്കായി ബോധവത്കരണ ക്ലാസും നടത്തി. വരും ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.