കോട്ടയം: വൈകിയോടിയതിനൊടുവിൽ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ട്രാക്കിൽ. മേയ് 28 മുതൽ പുതിയപാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങും. ഇതോടെ സംസ്ഥാനത്തിന്‍റെ തെക്കുമുതൽ വടക്കുവരെ വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. തിരുവനന്തപുരം-മംഗളൂരു റെയിൽവേ പാതയിൽ ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 16.5 കിലോമീറ്ററാണ് ഇരട്ടപ്പാതയാകാൻ അവശേഷിച്ചിരുന്നത്. സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള പ്രശ്നങ്ങളിൽ തട്ടിയായിരുന്നു ജോലികൾ വൈകിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടലിൽ സ്ഥലമേറ്റെടുക്കലിലെ ഈ പ്രശ്നങ്ങൾ പരിഹരിച്ച് പണികൾ ആരംഭിച്ചതിനുപിന്നാലെ 2020ൽ പാത പൂർത്തിയാക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രളയവും കോവിഡും നിർമാണം രണ്ടുവർഷം കൂടി വൈകിപ്പിച്ചു. ഏറ്റവുമൊടുവിൽ മാർച്ച് 31ന് നിർമാണം പൂർത്തിയാക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നെയും രണ്ടുമാസം വൈകിയാണ് പാളം ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. മേയ് 23ന് റെയില്‍വേ സുരക്ഷ കമീഷന്‍ (കമീഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി) പുതിയപാത പരിശോധിക്കും. ഇത് വിജയകരമായാൽ സുരക്ഷ കമീഷന്‍ സർട്ടിഫിക്കറ്റ് നൽകും. തുടർന്ന് 28ന് പുതിയ പാതയില്‍ ട്രെയിന്‍ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം. പുതിയ പാതയിലൂടെ സർവിസ് ആരംഭിക്കുന്നതോടെ തിരുവനന്തപുരം - മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാത പൂര്‍ണമായും ഇരട്ടപ്പാതയാകും. ഇരട്ടപ്പാതയാകുന്നതോടെ ട്രെയിൻ കടന്നുപോകാൻ എടുക്കുന്ന സമയം കുറയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പുതിയ ട്രെയിനുകൾ ആവശ്യപ്പെടാൻ സംസ്ഥാനത്തിന് ഇതിലൂടെ കഴിയും. അതേസമയം, ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണ്. പുതിയ പാതക്കൊപ്പം കോട്ടയം റെയിൽവേ സ്റ്റേഷന്‍റെ നവീകരണ ജോലികളും അന്തിമഘട്ടത്തിലേക്ക് കടന്നു. നാഗമ്പടം ഭാഗത്ത് രണ്ടാം കവാടത്തിന്‍റെ നിർമാണമാണ് പുരോഗമിക്കുന്നത്. കോട്ടയം വഴി ട്രെയിൻ ഗതാഗത നിയന്ത്രണം കോട്ടയം സ്റ്റേഷനിലെ സിഗ്നലിങുമായി പുതിയ പാളം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ മേയ് ആറ് മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 22 വരെ രാവിലെ മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാകും ഗതാഗത നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും. ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.