നിയന്ത്രണം താളംതെറ്റി; വൻ ഗതാഗതക്കുരുക്ക്​

കോട്ടയം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ഉദ്​ഘാടനത്തിന്‍റെ ഭാഗമായി ഏർപെടുത്തിയ നിയന്ത്രണം താളം തെറ്റിയതോടെ ഗതാഗതം മണിക്കൂറുകളോളം കുരുക്കിൽ. എം.സി റോഡിലടക്കം വ്യാഴാഴ്ച രാവിലെ അനുഭവ​പ്പെട്ടത്​ വൻ കുരുക്കാണ്​. പൊലീസ്​ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും രാവിലെയായതിനാൽ കൂട്ടമായി വാഹനങ്ങൾ എത്തിയതോടെ കണക്കുകൂട്ടലുകൾ തെറ്റി. വ്യാഴാഴ്ച കോട്ടയം നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന്​ അറിയിച്ച പൊലീസ്​ വഴിതിരിച്ചുവിടുന്നതിന്‍റെ വിശദാം​ശങ്ങളും അറിയിച്ചിരുന്നു. എം.സി.റോഡിൽ ചങ്ങനാ​ശ്ശേരി ഭാഗത്തേക്ക്​ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീണ്ടു. രാവിലെ ഓഫിസിലെത്താനുള്ള ജീവനക്കാരടക്കം ഇതോടെ ദുരിതത്തിലായി. സാധാരണദിവസങ്ങളിൽ പോലും ഗതാഗതക്കുരുക്ക്​ അനുഭവപ്പെടുന്ന മണിപ്പുഴ, സിമന്‍റ്​ കവല എന്നിവിടങ്ങളിൽ നിന്ന്​ വാഹനങ്ങൾ തിരിച്ചുവിട്ടതോടെ കുരുക്ക്​ സ്തംഭനത്തിലേക്ക്​ നീങ്ങുകയായിരുന്നു​. രാവിലെ പത്തോടെ പള്ളം വരെ വാഹനങ്ങളു​ടെ നിര രൂപപ്പെട്ടു. സൂപ്പർഫാസ്റ്റടക്കമുള്ള ദീർഘദൂര ബസുകളും കുരുക്കിലായി. ഏറ്റുമാനൂർ, കുമരകം, കഞ്ഞിക്കുഴി, ചുങ്കം, നാഗമ്പടം എന്നിവിടങ്ങളിലും രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്​ അനുഭവപ്പെട്ടത്​. മെഡിക്കൽ കോളജ്​ ഭാഗത്തേക്കുള്ള യാത്രക്കാരും വലഞ്ഞു. ടൗണിലേക്ക്​ വാഹനങ്ങൾ എത്താത്തതിനാൽ നഗരത്തിൽ വലിയ തിരക്ക്​ അനുഭവപ്പെട്ടില്ലെങ്കിലും നഗരപ്രാന്തങ്ങളെ​ല്ലാം നിശ്ചലമായി. എന്നാൽ, സാംസ്​കാരിക ഘോഷയാത്ര ആംഭിച്ചതോടെ ചെറുവാഹനങ്ങൾ കടക്കാൻ കഴിയാത്തവിധം നഗരം നിശ്ചലമായി. കുടുംബശ്രീ അംഗങ്ങളടക്കം വൻ ജനാവലിയായിരുന്നു ഘോഷയാത്രയുടെ ഭാഗമായത്​. ഹരിശ്​ചന്ദ്രൻ അനുസ്മരണം കോട്ടയം: ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ അഡ്വ. എൻ.എസ്‌. ഹരിശ്​ചന്ദ്രൻ അനുസ്​മരണം മേയ് ആറിന്​ നടക്കും. സൗഹൃദ കൂട്ടായ്മയു​ടെ നേതൃത്വത്തിൽ വൈകീട്ട്​ ആറിന്​ കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ 'ഹരിചന്ദനം' പേരിലാണ്​ സമ്മേളനം. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹിക സാംസ്‌കാരിക നായകരും സമ്മേളനത്തിൽ പ​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.