അക്ഷര നഗരിയുണർത്തി സാംസ്കാരിക ഘോഷയാത്ര

കോട്ടയം: കോവിഡ് കാലത്തിനുശേഷം അക്ഷരനഗരിയെ വർണാഭമാക്കി ജനസാഗരമായി 'എന്‍റെ കേരളം' പ്രദർശന - വിപണന മേളയുടെ സാംസ്കാരിക ഘോഷയാത്ര. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച ജില്ലതല ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര നടന്നത്. മന്ത്രി വി.എൻ. വാസവൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി, കലക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം ജിനു പുന്നൂസ്, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, തദ്ദേശ വകുപ്പ് ജോയന്‍റ്​ ഡയറക്ടർ ബിനുജോൺ എന്നിവർ നേതൃത്വം നൽകി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ ദീപശിഖയേന്തി. തിരുനക്കര മൈതാനത്തുനിന്ന്​ നാഗമ്പടത്തേക്ക് സാംസ്കാരിക ഘോഷയാത്ര നീങ്ങിയപ്പോൾ പാതയോരത്ത് ആവേശം പകർന്ന് ജനങ്ങൾ തിങ്ങിനിറഞ്ഞു. ഘോഷയാത്രയിൽ ജനപ്രതിനിധികൾ, കർഷകർ, കായിക താരങ്ങൾ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ, സഹകരണ സംഘങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, വിദ്യാർഥികൾ, സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകൾ, സ്കൗട്ട് ആൻഡ്​ ഗൈഡ്, ട്രാൻസ്ജെൻഡർമാർ, സാക്ഷരത പ്രവർത്തകർ, ലൈബ്രറി കൗൺസിൽ പ്രവർത്തകർ, സംരംഭകർ, യുവജന ക്ലബ്, ഉദ്യോഗസ്ഥർ, ടൂറിസം മേഖലയിലെ പ്രവർത്തകർ, പൊതുമേഖല സ്ഥാപനങ്ങൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു. മയിലാട്ടം തെയ്യം, ഗരുഡൻ പയറ്റ്, കുട്ടികളുടെ റോളർ സ്‌കേറ്റിങ്​, കളരിപ്പയറ്റ്, മുത്തുക്കുടകൾ, കാവടി, സൈക്ലിങ്​, കോൽക്കളി, കുതിരസവാരി, നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രക്ക്​ ചാരുത പകർന്നു. ശിങ്കാരിമേളവും ബാൻഡ്​ മേളവും ചെണ്ടമേളവും വീഥികളിൽ ശബ്ദവിസ്മയം തീർത്തു. പാറോലിക്കല്‍, കുടമാളൂര്‍ റെയില്‍വേ ഗേറ്റുകള്‍ അടച്ചിടും കോട്ടയം: കോട്ടയം-ഏറ്റുമാനൂര്‍ റെയിൽപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായ നിർമാണ ജോലികള്‍ നടക്കുന്നതിനാൽ പാറോലിക്കൽ റെയിൽവേ ഗേറ്റ് വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയും കുടമാളൂര്‍ റെയില്‍വേ ഗേറ്റ് രാവിലെ എട്ടുമുതല്‍ മേയ് ഒന്നിന് വൈകീട്ട് ആറുവരെയും അടച്ചിടുമെന്ന് അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അറിയിച്ചു. പാറോലിക്കല്‍ വഴി ഗതാഗതം ഏറ്റുമാനൂര്‍ സബ്‌വേ വഴിയും കുടമാളൂര്‍ വഴി ഗതാഗതം കുമാരനല്ലൂര്‍ റോഡ് ഓവര്‍ബ്രിഡ്ജ് വഴിയും തിരിച്ചുവിടുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.