കെ-റെയിലിന്​ ഡി.വൈ.എഫ്.ഐയുടെ പിന്തുണ; പ്രചാരണ പരിപാടികളുമായി മുന്നോട്ട്​ പോകും

പത്തനംതിട്ട: കെ-റെയിൽ പദ്ധതി നടപ്പാക്കുന്നതിന് ഡി.വൈ.എഫ്.ഐയുടെ പിന്തുണ. ഇതു സംബന്ധിച്ച പ്രമേയം സംസ്ഥാന സമ്മേളനം അംഗീകരിച്ചു. യുവജനങ്ങൾക്ക് തൊഴിൽ സാധ്യത വർധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്‍റെ പ്രയോജനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും തെറ്റിദ്ധാരണകൾ നീക്കാനും ഭവനസന്ദർശനം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും, തീവ്രവാദ ശക്​തികളും മറ്റും തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. ഇതിനെ ​നേരിടാൻ വിശദീകരണ യോഗങ്ങൾ നടത്തും. പദ്ധതിക്കെതിരെ നിലപാടെടുത്ത ശാസ്ത്രസാഹിത്യ പരിഷത്തിൽ ഏകാഭിപ്രായമില്ല. യോജിക്കുന്നവരുമുണ്ട്​. എതിർക്കുന്നവർ സംവാദത്തെ ഭയന്ന്​ ഒളിച്ചോടുകയായിരുന്നു. രാജ്യത്ത് ഒരിടത്തും ലൗ ജിഹാദും നാർകോട്ടിക് ജിഹാദുമില്ലെന്നും മുസ്​ലിം വേട്ടക്കുള്ള ആർ.എസ്​.എസിന്‍റെ പ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലേക്ക്​ ഉദ്യോഗസ്ഥർ പോയത് രാഷ്ട്രീയം പഠിക്കാനല്ലെന്നും എസ്.സതീഷ് പറഞ്ഞു. ഭരണരംഗത്തെ പ്രവർത്തനങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥർ പോകുന്നത് വലിയ പാതകമല്ല. മൂന്നര വർഷത്തിനുള്ളിൽ ഡി.വൈ.എഫ്.ഐക്ക് 1,20,728 അംഗങ്ങളുടെ വർധനയുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അറിയിച്ചു. പുതുതായി 1697 യൂനിറ്റുകളും 165 മേഖല കമ്മിറ്റികളുമുണ്ടായി. മൂന്ന്​ ട്രാൻസ്​​ജെൻഡേഴ്​സും സമ്മേളനത്തിൽ പ്രതിനിധികളായുണ്ട്​. നേതാക്കളായ എസ്.കെ സജീഷ്, ചിന്താ ജെറോം, കെ.യു. ജനീഷ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.