ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ 15ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തി. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷിന്റെ നേതൃത്വത്തിൽ പുറപ്പെട്ട പതാക ജാഥയും വെഞ്ഞാറമൂട് ഹഖ്-മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കേ​ന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോമിന്‍റെ നേതൃത്വത്തിൽ പുറപ്പെട്ട കൊടിമര ജാഥയും തിരുവല്ലയിൽ സന്ദീപ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ദീപശിഖ പ്രയാണവും വൈകീട്ട്​ 6.30ഓടെയാണ്​ നഗര കേന്ദ്രത്തോട്​ ചേർന്ന ശബരിമല ഇടത്താവളത്തിൽ ഉയർന്ന സമ്മേളന നഗറിൽ എത്തിയത്​. മൂന്ന്​ ജാഥകളും ഉച്ചയോടെ ജില്ല അതിർത്തിയായ ഇടിഞ്ഞില്ലത്ത് സംഗമിച്ചു. അവിടെനിന്ന്​ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥകൾ വൈകീട്ട് പത്തനംതിട്ട നഗരത്തിലേക്ക് എത്തിയത്. കൊടിമരം മുൻ എം.എൽ.എ രാജു എബ്രഹാമും പതാക സ്വാഗതസംഘം ജനറൽ കൺവീനർ പി.ബി. സതീഷ്കുമാറും ദീപ ശിഖ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സംഘേഷ്​ നായരും ഏറ്റുവാങ്ങി. തുടർന്നായിരുന്നു പതാക ഉയർത്തൽ. മന്ത്രി വീണ ജോർജ്​, ദേവസ്വം ബോർഡ്​ പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ, കെ.എസ്​.എഫ്​.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ്​ തോമസ്​ എന്നിവരും സംബന്ധിച്ചു. വ്യാഴാഴ്ച രാവിലെ ശബരിമല ഇടത്താവളത്തിലെ പ്രതിനിധി സമ്മേളന നഗരിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പതാക ഉയർത്തും. പ്രമുഖ ചിന്തകൻ സുനിൽ പി. ഇളയിടം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 635 പ്രതിനിധികൾ പ​​ങ്കെടുക്കും. 30ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്​ നടക്കും. തുടർന്ന്​ ജില്ല സ്റ്റേഡിയത്തിൽ സമ്മേളനത്തിന്​ സമാപനംകുറിച്ച്​ നടക്കുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ നിലവിലെ പ്രസിഡന്‍റ്​ എസ്​. സതീഷ്​ സ്ഥാനമൊഴിയും. സെക്രട്ടറി വി.കെ. സനോജ്​ സ്ഥാന​ത്ത്​ തുടർന്നേക്കും. പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ കോഴിക്കോട്​ നിന്നുള്ള വി. വസീഫ്​, ചിന്ത ജെറോം, ജെയ്ക്​ സി. തോമസ്​, കെ.യു. ജനീഷ്കുമാർ എന്നിവരുടെയൊക്കെ പേരുകൾ പരിഗണിക്കപ്പെടുന്നു. ചിത്രം PTG 50 DYFI KODI ഡി.വൈ.എഫ്.ഐ 15ാം സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച്​ സ്വാഗതസംഘം ചെയർമാൻ കെ.പി. ഉദയഭാനു പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.