പെരുന്നാൾ സപ്ലിമെന്‍റിലേക്ക് (ഇടുക്കി മൂന്നാം പേജ്) കോവിഡ് ആശങ്കകൾ നീങ്ങിയതോടെ സജീവമായ ആഘോഷ വേളകളെ വിപണി ഏറെ പ്രതീക്ഷകളോടെയാണ് വരവേൽക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഈസ്റ്ററും വിഷുവും റമദാനും ഓണവുമെല്ലാം കടന്നുപോകുമ്പോൾ പതിവ് ചലനങ്ങൾ നിലച്ച് ആശങ്കയുടെ നിഴലിലായിരുന്നു വിപണി. എന്നാൽ, ഇത്തവണ അതിജീവനത്തിന്‍റെ ഊർജവും പ്രതീക്ഷകളുടെ കരുത്തുമായി ഉയിർത്തെഴുന്നേൽപ്പിനൊരുങ്ങുന്ന കാഴ്ചയാണ് വിപണിയിലെങ്ങും. വ്രതാനുഷ്ഠാനം അവസാന ദിനങ്ങളിലേക്ക് കടന്നതോടെ ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപണിയും ഒരുങ്ങിക്കഴിഞ്ഞു. വസ്ത്ര, ഗൃഹോപകരണ, പലചരക്ക്, പഴം, പച്ചക്കറി വിപണികളിൽ പുതുമയും വ്യത്യസ്തതയുമുള്ള വിഭവങ്ങളാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ ഒരുക്കുന്നത്. മുൻവർഷങ്ങളിലെ നഷ്ടങ്ങളിൽനിന്ന് ഇത്തവണ കരകയറാനാവുമെന്ന പ്രതീക്ഷയിൽ സ്റ്റോക്കുകൾ നേരത്തേയെത്തിച്ച് വലിയ ഒരുക്കംതന്നെ വ്യാപാര സ്ഥാപനങ്ങൾ നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റമദാൻ വിപണിയിൽ ഉണർവ് നേരത്തേതന്നെ പ്രകടമാണ്. വിലക്കുറവടക്കം ഓഫറുകളും വിവിധ വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള വൈവിധ്യങ്ങളും ഇത്തവണയും വിപണിയുടെ സവിശേഷതകളാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡിൽ മങ്ങിപ്പോയ വിപണിയുടെ പ്രതാപവും സമൃദ്ധിയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. കഴിഞ്ഞ രണ്ടുവർഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് വസ്ത്രവ്യാപാര മേഖല കടന്നുപോയത്. ഇത്തവണ കോവിഡ് ആശങ്കകൾ നീങ്ങിയതിന്‍റെ സന്തോഷത്തിലും ഉണർവിലുമാണ് വസ്ത്രവ്യാപാര ശാലകളും ഉപഭോക്താക്കളും. പുതിയ കലക്ഷനുമായി വസ്ത്ര വ്യാപാരശാലകളെല്ലാം സജീവമാണ്. നിശ്ചിത തുകക്കുമുകളിലുള്ള പർച്ചേസിന് ബോണസ് കാർഡ്, ഒന്നെടുത്താൽ ഒന്ന് സൗജന്യം, നിശ്ചിത ശതമാനം തുക കാഷ് ഡിസ്കൗണ്ട് തുടങ്ങിയവയാണ് വസ്ത്രവ്യാപാര ശാലകൾ മുന്നോട്ടുവെക്കുന്ന പ്രധാന ഓഫറുകൾ. പുതിയ സ്റ്റോക്കും നൂതന ട്രെൻഡുകൾക്ക് യോജിച്ച വൈവിധ്യമാർന്ന കലക്ഷനുകളും നേരത്തേതന്നെ വ്യാപാരികൾ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഫാഷൻ വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗംതന്നെ ചിലർ ഒരുക്കിയിരിക്കുന്നു. വരും ദിവസങ്ങളിൽ വസ്ത്രവിപണിയിൽ തിരക്കേറുമെന്നാണ് പ്രതീക്ഷ. എക്സ്ചേഞ്ച് സൗകര്യവും ആകർഷക ഓഫറുകളും തവണ വ്യവസ്ഥയുമായി ഗൃഹോപകരണ, മൊബൈൽ ഫോൺ വിപണിയും സജീവമാണ്. റമദാൻ തുടങ്ങിയതോടെ പഴം- പച്ചക്കറി വിപണിയും ഉണർന്നിരുന്നു. വില ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇത്തവണ വില അൽപം വർധിച്ചിട്ടുണ്ടെങ്കിലും പഴ വിപണിയിൽ കച്ചവടത്തിന് കുറവില്ല. ഓറഞ്ച് വില നൂറിന് മുകളിലാണ്. ആപ്പിൾ 180 മുതൽ 250 വരെയാണ്. തണ്ണിമത്തൻ വില കിലോ 20ൽ നിന്ന് അൽപം ഉയർന്നിട്ടുണ്ട്. മാമ്പഴങ്ങളും വിപണിയിൽ കൂടുതലായി എത്തിത്തുടങ്ങി. റമദാൻകാലത്ത് വ്യാപാരം കൂടുതൽ സജീവമായ മേഖലകളിലൊന്നാണ് ഈത്തപ്പഴ വിപണി. വിദേശരാജ്യങ്ങളിൽനിന്ന് എത്തിച്ച, വിലയിലും ഗുണത്തിലും സ്വാദിലും വൈവിധ്യമുള്ള ഈത്തപ്പഴങ്ങൾ വിപണി കൈയടക്കികഴിഞ്ഞു. ഇറാൻ, അൾജീരിയ, തുനീഷ്യ, സൗദി, ജോർദാൻ എന്നിവിടങ്ങളിൽ നിന്നാണ് ഈത്തപ്പഴം പ്രധാനമായും എത്തുന്നത്. ഇറാനിൽനിന്നുള്ള ബറാറി, സൗദിയുടെ അജ്വ, മഷ്ഹൂഖ്, സഫാവി, മറിയം, മബ്റൂം, ജോർദാന്‍റെ മജ്ദൂൾ എന്നിവക്കാണ് ആവശ്യക്കാർ കൂടുതൽ. ഈത്തപ്പഴത്തിനൊപ്പം കശുവണ്ടിപ്പരിപ്പ്, പിസ്ത, ബദാം, അത്തിപ്പഴം എന്നിവക്കും മികച്ച വിൽപനയുണ്ട്. ചിത്രം: TDSUP vipani തൊടുപുഴ നഗരത്തിലെ വസ്ത്രവിൽപനശാലയിൽ നിന്നുള്ള ദൃശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.