ചീഫ് ഓഫിസ് അയച്ച ഏഴ് കത്ത് യൂനിറ്റുകൾ അവഗണിച്ചു കോട്ടയം: കെ.എസ്.ആർ.ടി.സിയിൽനിന്ന് പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാർക്ക് പുനർനിയമനം ലഭിക്കാത്തതിന് കാരണം സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിൽ വരുന്ന കാലതാമസം. ഇതോടെ എം പാനൽ ജീവനക്കാർക്ക് ദീർഘദൂര സർവിസുകൾക്കായി രൂപവത്കരിച്ച കെ. സ്വിഫ്റ്റിൽ ജോലി നൽകുമെന്ന 2020 ഒക്ടോബർ 15ന് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനവും വെറുംവാക്കായി. കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസ് ജീവനക്കാർ പുലർത്തുന്ന അനാസ്ഥയാണ് ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവി പ്രതിസന്ധിയിലാക്കുന്നത്. കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതുപോലെതന്നെ എല്ലാ യൂനിറ്റിൽനിന്നും ശമ്പള ബിൽ എഴുതി ചീഫ് ഓഫിസിലേക്ക് അയച്ച് അവിടുന്ന് അനുമതി ലഭിക്കുന്നതനുസരിച്ചാണ് എം പാനലുകാർക്ക് ശമ്പളം നൽകിയിരുന്നത്. പ്രതിമാസ ശമ്പളത്തെ എട്ടുമണിക്കൂർ ജോലിയുടെ വേതനം കൊണ്ട് ഹരിച്ചാൽ ഓരോ മാസവും ചെയ്യുന്ന ജോലി ചീഫ് ഓഫിസിൽതന്നെ കണ്ടെത്താം. ഇവിടത്തെ ശമ്പള വിഭാഗത്തിൽ നിന്ന് പരമാവധി ഏഴുദിവസം കൊണ്ട് സീനിയോറിറ്റി ലിസ്റ്റ് തയാറാക്കാനാവും. ഈ മാർഗം സ്വീകരിക്കാതെ പിരിച്ചുവിടപ്പെട്ടവരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് 2020 ഒക്ടോബർ എട്ടുമുതൽ 2021 ഫെബ്രുവരി 26 വരെ ഏഴ് കത്താണ് ചീഫ് ഓഫിസിൽനിന്ന് യൂനിറ്റുകളിലേക്ക് അയച്ചത്. ഈ കത്തുകൾ മുഴുവൻ അവഗണിക്കപ്പെട്ടു. മതിയായ യോഗ്യതയില്ലാതെ ആശ്രിത നിയമനത്തിലൂടെയും മറ്റും ചീഫ് ഓഫിസിലെത്തിയ ചില ഉദ്യോഗസ്ഥരുടെ പിടിപ്പില്ലായ്മയാണ് തങ്ങളുടെ പുനർനിയമനത്തിന് തടസ്സമാകുന്നതെന്ന് എം പാനലുകാർ പറയുന്നു. കോർപറേഷനിലെ മൂന്ന് അംഗീകൃത യൂനിയനുകളുടെയും സംസ്ഥാന നേതാക്കൾ ജോലി ചെയ്യുന്നത് ചീഫ് ഓഫിസിലാണ്. എന്നിട്ടും ഇവർ ആരും എം പാനലുകാരുടെ പ്രശ്നത്തിൽ ഇടപെടുന്നില്ല. പ്രശ്നങ്ങൾക്ക് കാരണം സി.എം.ഡി ആണെന്ന ആക്ഷേപം ഉന്നയിച്ച് ഒഴിഞ്ഞുമാറുകയാണ് നേതാക്കളെന്നും എം പാനലുകാർ ആരോപിക്കുന്നു. 10 മുതൽ 12 വർഷം വരെ ജോലി ചെയ്തിരുന്ന 8906 തൊഴിലാളികളെയാണ് കെ.എസ്.ആർ.ടി.സി പുറത്താക്കിയത്. 2018 ഫെബ്രുവരി 21ലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആദ്യം 4070 എം പാനൽ കണ്ടക്ടമാരെയും പിന്നാലെ 1885 ഡ്രൈവർമാരെയും കുറച്ചുനാളുകൾക്കുശേഷം മറ്റൊരു 2951 എം പാനലുകാരെയും പിരിച്ചുവിട്ടു. ഇവരെ ഘട്ടം ഘട്ടമായി കെ.എസ്.ആർ.ടി.സിയുടെ സബ്സിഡിയറി കമ്പനി ആയി രൂപവത്കരിക്കുന്ന കെ. സ്വിഫ്റ്റിൽ നിയമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2021 ജൂൺ 18ന് കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളുമായി ചർച്ചക്കുള്ള അജണ്ടയുടെ ഏഴാം പേജിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ടി. ജുവിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.