കെ-റെയിൽ: ബഫർസോണിൽ വീടിന്‍റെ ​രണ്ടാം നിലക്ക്​ നിർമാണ വിലക്ക്​; ഒടുവിൽ അനുമതി

കോട്ടയം: സിൽവർ ലൈൻ അലൈൻമെന്‍റിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന്​ സർക്കാർ ആവർത്തിക്കുന്നതിനിടെ, ബഫർസോണിൽ ഉൾപ്പെടുന്ന വീടി​നു​ നിർമാണ വിലക്ക്​. രണ്ടാംനില പണിയാൻ ബിൽഡിങ്​ പെർമിറ്റിനായി പഞ്ചായത്തിനെ സമീപിച്ച കുടുംബ​ത്തെ കെ-റെയിലിന്‍റെ അനുമതി വേണമെന്ന്​ പഞ്ചായത്ത്​ സെക്രട്ടറി അറിയിക്കുകയായിരുന്നു. ഇത്​ വാർത്തയായതോടെ, അനുമതി ആവശ്യമില്ലെന്ന്​ വിശദീകരിച്ച്​ കെ-റെയിൽ രംഗത്തെത്തി. ഇതിനു പിന്നാലെ പഞ്ചായത്ത്​ ​നിർമാണ അനുമതി നൽകി. കോട്ടയം കൊല്ലാട്​ വൈക്കത്ത്​ കൊച്ചുപുരക്കൽ ജിമ്മി ഈശോ മാത്യുവാണ്​ വീടിന്‍റെ മുകളിൽ രണ്ട്​ മുറി​ നിർമിക്കാൻ​ അനുമതിതേടി ഫെബ്രുവരിയിൽ​ പനച്ചിക്കാട്​ പഞ്ചായത്തിൽ അപേക്ഷ നൽകിയത്​​. പരിശോധനയിൽ സിൽവർലൈൻ കടന്നുപോകുന്ന പ്രദേശമായതിനാൽ പഞ്ചായത്തിന്​ അനുമതി നൽകാനാവില്ലെന്നും കെ-റെയിലിന്‍റെ എൻ.ഒ.സി വേണമെന്നും സെക്രട്ടറി അറിയിക്കുകയായിരുന്നുവെന്ന്​ ജിമ്മി പറഞ്ഞു. ഇതിനായി കെ-റെയിൽ ഓഫിസുമായി ബന്ധപ്പെട്ടാനും നിർദേശിച്ചു. എൻ.ഒ.സി ആവശ്യപ്പെട്ട്​ പഞ്ചായത്ത്​ സെക്രട്ടറി സിൽവർലൈൻ തഹൽസിൽദാർക്ക്​ കത്തും നൽകി. ഇതുമായി ഇവർ കലക്​ടറേറ്റിലെ കെ-റെയിൽ സ്​പെഷൽ തഹൽസിൽദാർ ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. നിരവധി തവണ ഓഫിസിലെത്തിയ ഇവർ പലതവണ തഹൽസിൽദാറെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുമാസം പിന്നിട്ടിട്ടും അപേക്ഷയിൽ തീരുമാനമാകാതെ വന്ന​തോടെ ഇക്കാര്യം ജിമ്മിയുടെ കുടുംബം മാധ്യമങ്ങളെ അറിയിച്ചു. പഞ്ചായത്ത്​ സെക്രട്ടറി നൽകിയ കത്തും പുറത്തുവന്നു. ഇതോടെ വിഷയം ചർച്ചയായി. സമീപവാസികളും ആശങ്കയുമായി ​രംഗത്തെത്തി. തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ അടക്കമുള്ളവരും സ്ഥലത്തെത്തി. ഇതിനിടെ, കത്തും അപേക്ഷയും കെ-റെയിലിന്‍റെ മുഖ്യഓഫിസിന്​ കൈമാറിയിരിക്കുകയാണെന്ന്​ തഹൽസിൽദാർ അറിയിച്ചു. ഇതിനു പിന്നാലെ പരിസ്ഥിതി ആഘാതപഠനത്തിനുള്ള സർവേയാണ്​ നടക്കുന്നതെന്നും നിർമാണത്തിന്​ അനുമതി ആവശ്യമില്ലെന്നുമുള്ള കെ-റെയിലിന്‍റെ വിശദീകരണം വന്നു. ​രണ്ടാംനില പണിയാൻ കെ-റെയിലിന്‍റെ അനുമതി വേണ്ട. സ്ഥലം ഏറ്റെടുക്കാത്തതിനാൽ നിർമാണത്തിന്​ തടസ്സവുമില്ലെന്നും ഇവർ അറിയിച്ചു. ഇതോടെ ബിൽഡിങ്​ പെർമിറ്റ്​ ഉടൻ നൽകുമെന്ന്​ പഞ്ചായത്ത്​ സെക്രട്ടറി എൻ. അരുൺകുമാർ ​അറിയിച്ചു. സർക്കാർ ഉത്തരവാണ്​​ ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും കെ-റെയിൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ നിർമാണത്തിന് അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചെന്നും സെക്രട്ടറി പറഞ്ഞു. കെ-റെയിൽ അധികൃതർ കത്തിന്​ മറുപടി നൽകിയിരുന്നെങ്കിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചയോടെ പഞ്ചായത്ത്​ ഓഫിസിലെത്തിയ ജിമ്മിക്ക്​ 757 രൂപ ഫീസ്​ അടച്ചതിനു പിന്നാലെ പെർമിറ്റ്​ നൽകുകയും ചെയ്തു. ഇതിനിടെ, സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്​ ആരോപിച്ച്​ സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത്​ ഓഫിസ്​ ഉപരോധിച്ചു. പഞ്ചായത്ത്​ ഭരിക്കുന്ന യു.ഡി.എഫും പഞ്ചായത്തും സെക്രട്ടറിയും ചേർന്ന ഒത്തുകളിയാണ്​ ​ഇതിനു പിന്നിലെന്ന്​ സി.പി.എം നേതാക്കൾ ആരോപിച്ചു. ജിമ്മിയുടെ വീടിന്‍റെ 40 മീറ്ററോളം അകലെയാണ്​ പാത​യെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ബഫർസോൺ എത്രയാണെന്ന ആശങ്ക ഇവർക്കിടയിൽ ശക്തമാണ്​. ഈ ഭാഗത്ത്​ നേരത്തേ കല്ലിടാനുള്ള കെ-റെയിൽ ശ്രമം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.