കോട്ടയത്തെ പെൺകുട്ടികളെ കണ്ടോടാ...

കോട്ടയം: കഴിഞ്ഞ ദിവസം ഏറ്റവുമധികം പേർ ശ്രദ്ധിച്ച വാർത്തയായിരുന്ന നഗരമധ്യത്തിൽ പെൺകുട്ടികൾ സാമൂഹിക വിരുദ്ധനെ ഓടിച്ചിട്ടുപിടിച്ചത്​. തങ്ങൾക്കുനേരെ അതിക്രമം കാട്ടിയ ആളെ പുറകെപോയി 20 മിനിറ്റോളം തിരഞ്ഞുപിടിച്ച്​​ കണ്ടെത്തിയാണ്​ പൊലീസിന് കൈമാറിയത്​. ആത്മാഭിമാനവും തന്‍റേടവുമുള്ള ഈ മിടുക്കികൾക്കാവട്ടെ വനിതദിനത്തിലെ കൈയടി... തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ്​ അവർ 'രാവിലെ 11 മണിയോടെയാണ്​ ഞങ്ങൾ നാലുപേർ ബസ്​ സ്റ്റാൻഡിൽ ബസിറങ്ങി തിയറ്റർ​ റോഡിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന്​ എതിരെ വലിയ ബാഗും തൂക്കി നടന്നുവന്നിരുന്നയാൾ ഞങ്ങളിലൊരാളുടെ ശരീരത്ത്​ കയറിപ്പിടിച്ചു​. എടാ എന്നുപറഞ്ഞ്​ ഉടൻ ഞങ്ങൾ തിരിഞ്ഞുനിന്നപ്പോഴേക്കും അയാൾ മാർക്കറ്റ്​ റോഡിലൂടെ ഓടി. അപ്പോഴത്തെ ധൈര്യത്തിന്​ ഞങ്ങളും പുറകെ പാഞ്ഞു. കൈയിൽകിട്ടിയാൽ ഒന്നു കൊടുക്കണമെന്നു കരുതിത്തന്നെയാണ്​ പുറകെ വെച്ചുപിടിച്ചത്​. ഞങ്ങൾ പുറകെയുണ്ടെന്നുകണ്ട ഇയാൾ ഓടി മാർക്കറ്റിനകത്തേക്കുകയറി. ഞങ്ങളും മാർക്കറ്റിനുള്ളിൽ കയറി. അപ്പോൾ അയാളെ കാണാനില്ല. ഞങ്ങൾ വഴിയിലും മാർക്കറ്റിനകത്തും തിരഞ്ഞു. അവിടെയുണ്ടായിരുന്നവരോടും റോഡിലും അന്വേഷിച്ചു. ആരും അങ്ങനെയൊരാളെ കണ്ടില്ലെന്നു പറഞ്ഞു. അയാളുടെ കൈയിൽ വലിയ ബാഗ്​ ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്കുതോന്നി ബസിൽ കയറിയിട്ടുണ്ടാവുമെന്ന്​. ഉടൻ ഞങ്ങൾ ബസ്​സ്റ്റാൻഡിൽ തിരിച്ചെത്തി. അയാളുടെ കഷണ്ടിത്തലയും മുഖവും ഞങ്ങളുടെ ഓർമയിലുണ്ടായിരുന്നു. എല്ലാ ബസുകളിലും കയറിയിറങ്ങിത്തിരഞ്ഞു. പലരും ചോദിക്കുന്നുണ്ടായിരുന്നു എന്തെങ്കിലും കളഞ്ഞുപോയതാണോ എന്ന്​. ബസിൽ കാണാതായപ്പോൾ ഞങ്ങൾ നിരാശരായി തിരിച്ച്​ തിയറ്റർ​ റോഡിലേക്കുതന്നെ വന്നു. അപ്പോൾ അയാൾ​ എതിരെ വീണ്ടും വരുന്നു. നേരത്തേ ധരിച്ചിരുന്ന ഷർട്ടും മാസ്കും മാറ്റിയിട്ടുണ്ട്​. ബാഗും കൈയിലുണ്ട്​. വേഷം മാറ്റിയിട്ടും ഞങ്ങൾ​ അയാളെ തിരിച്ചറിഞ്ഞു. ഞങ്ങൾ കണ്ടു എന്ന്​ മനസ്സിലാക്കിയതോടെ ഇയാൾ തിരിഞ്ഞുനോക്കി ഓടാൻ തുടങ്ങി. ഞങ്ങൾ പുറകെയും. എല്ലാവരും എന്താണു കാര്യ​മെന്നറിയാതെ നോക്കുന്നുണ്ട്​. മാർക്കറ്റിനുള്ളിൽവെച്ച്​ ഇയാളെ ഞങ്ങൾ പിടിച്ചുനിർത്തി. ചുറ്റും ആളുകൾ കൂടി. അപ്പോൾ അയാൾ ഒന്നും അറിയാത്തപോലെ പറയുന്നുണ്ട്​ എന്താണ്​ കാര്യം, ഞാനൊന്നും ചെയ്തില്ല എന്നൊക്കെ​. അപ്പോഴേക്കും ബഹളംകേട്ട്​ പിങ്ക്​ പൊലീസും​ പിന്നാലെ വെസ്റ്റ്​ പൊലീസും സ്ഥലത്തെത്തി. പിങ്ക്​ പൊലീസിന്‍റെ വാഹനത്തിൽ ഞങ്ങളെ സ്​റ്റേഷനിലെത്തിച്ചു. അവിടെയെത്തിയപ്പോൾ അയാൾ ആദ്യം പറഞ്ഞത്​ ഞാനല്ല എന്നാണ്​​. പിന്നെപ്പറഞ്ഞു അറിയാതെ തട്ടിയതാണെന്ന്​. അറിയാതെ തട്ടുന്നതും ദേഹത്ത്​ കയറിപ്പിടിക്കുന്നതും ഞങ്ങൾക്ക്​ അറിയാം. ഇയാൾ ധരിച്ചിരുന്ന ഷർട്ടിന്‍റെ നിറവും ഞങ്ങൾ പറഞ്ഞുകൊടുത്തു. അയാൾ മാറ്റിയിട്ട ഷർട്ട്​ ബാഗിൽനിന്ന്​ പൊലീസ്​ ക​ണ്ടെടുക്കുകയും ചെയ്തു'.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.