അള്ളുങ്കൽ ശ്രീധരൻ: സംശയം നീങ്ങാതെ പൊലീസ്​

തൊടുപുഴ: അരനൂറ്റാണ്ട്​ പിന്നിട്ട ഒളിവുജീവിതത്തിനൊടുവിൽ കഴിഞ്ഞയാഴ്ച മരണപ്പെട്ട അള്ളുങ്കൽ ശ്രീധരനുമായി ബന്ധപ്പെട്ട സംശയങ്ങളുടെ കുരുക്കഴിക്കാൻ പൊലീസ്​ തീവ്രശ്രമം തുടങ്ങി. വയനാട്​ പൊലീസ്​, സ്​പെഷൽ ബ്രാഞ്ച്​, സംസ്ഥാന ഇന്‍റലിജൻസ്​ വിഭാഗം എന്നിവയാണ്​ ഇടുക്കിയിൽ മാവടി തങ്കപ്പൻ എന്ന പേരിലുള്ള ശ്രീധരന്‍റെ ഒളിവുജീവിതത്തെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട കേസുകളുടെ പിന്നാമ്പുറങ്ങളെക്കുറിച്ചും അന്വേഷിക്കുന്നത്​. ഇടുക്കി ജില്ല പൊലീസ്​ ഇവരെ സഹായിക്കുന്നുണ്ട്​. പുൽപള്ളി പൊലീസ്​ സ്​റ്റേഷൻ ആക്രമണത്തിൽ നക്സൽ വർഗീസിനും അജിതക്കുമൊപ്പം പ​ങ്കെടുത്ത ശ്രീധരന്​ മേൽക്കോടതി ശിക്ഷ വിധിച്ചതോടെയാണ്​ ഇടുക്കിയിലെത്തിയത്​. കേസ്​ സംബന്ധിച്ച്​ വയനാട്​ പൊലീസിന്‍റെ പക്കലുള്ള വിവരങ്ങൾ ഇടുക്കിയിലെ അന്വേഷണ സംഘങ്ങൾക്ക്​​ കൈമാറിയിരുന്നു​. ഇടുക്കിയിൽ ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങൾ ആഭ്യന്തര വകുപ്പിനും വയനാട്​ പൊലീസിനും കൈമാറിയിട്ടുണ്ട്​. അരനൂറ്റാണ്ടോളം ഒളിവുജീവിതം നയിച്ച മാവടി തങ്കപ്പൻ പൊലീസ്​ സ്​റ്റേഷൻ ആക്രമണക്കേസിലെ പ്രതി അള്ളുങ്കൽ ശ്രീധരൻ തന്നെയാണോ എന്ന സംശയം ഇപ്പോഴും പൊലീസിൽ നിലനിൽക്കുകയാണ്​. ഇത്​ നീക്കാൻകൂടിയാണ്​ വിശദ പരിശോധന. ഇതോടൊപ്പം ശ്രീധരൻ മരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ പേരിലുള്ള കേസുകൾ അവസാനിപ്പിച്ച്​ ആഭ്യന്തര വകുപ്പിന്​ റിപ്പോർട്ട്​ നൽകാനും ഉദ്ദേശിക്കുന്നു. നെടുങ്കണ്ടം മാവടിയിൽ കൃഷിപ്പണികളുമായി ജീവിച്ച ശ്രീധരനെ അവസാനം വരെ അയൽവാസികൾപോലും തിരിച്ചറിഞ്ഞിരുന്നില്ല. കെ. അജിത അയച്ച ആദരാഞ്ജലിക്കുറിപ്പ്​ സ്ഥലത്ത്​ വായിച്ചതോടെയാണ്​ പഴയ വിപ്ലവകാരി അള്ളുങ്കൽ ശ്രീധരനാണ്​ മരിച്ചതെന്ന്​ പുറംലോകമറിഞ്ഞത്​. മാവടി തങ്കപ്പനായി ജീവിക്കുന്ന താൻ അള്ളുങ്കൽ ശ്രീധരനാണെന്ന രഹസ്യം മരണം വരെ മറ്റാരും അറിയാൻ ഇടവരരുതെന്ന് അദ്ദേഹം വിശ്വസ്തരെ പറഞ്ഞ്​ ഏൽപിച്ചിരുന്നു. ​80കാരനായ ശ്രീധരൻ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്​ കഴിഞ്ഞമാസം 24ന്​ അർധരാത്രിയാണ്​ മരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.