പാലാ: പാലാ റിവർവ്യൂ ആകാശപാതയുടെ നിർമാണം പുനരാരംഭിച്ചു. ബൈപാസിനായുള്ള പൈലുകൾ നേരത്തേ പൂർത്തിയായിരുന്നെങ്കിലും ഉപരിതല കോൺക്രീറ്റിങ് മുടങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞദിവസം ജോസ് കെ. മാണി എം.പി വിഷയം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ശ്രദ്ധയിൽപെടുത്തി. ഇതോടെയാണ് റിവർ വ്യൂ ബൈപാസിന്‍റെ അവസാനഘട്ട നിർമാണം പുനരാരംഭിക്കാൻ നടപടിയായത്. ഇതേതുടർന്ന് പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗം കരാറുകാരുമായി തുടർചർച്ച നടത്തി അവശേഷിക്കുന്ന നിർമാണം ആരംഭിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉപരിതല കോൺക്രീറ്റിങ് ആരംഭിച്ചു. നഗരഗതാഗതം സുഗമമാക്കുന്നതിന് ഉതകുന്ന പദ്ധതി ഇനി മുടങ്ങാതെ അവസാന ഘട്ടംവരെ തുടർച്ചയായി നടക്കുമെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. 2013ലെ സംസ്ഥാന ബജറ്റിലാണ് ധനമന്ത്രിയായിരുന്ന കെ.എം. മാണി പാലാക്കായി ആകാശപാത പദ്ധതി പ്രഖ്യാപിച്ചത്. 47 കോടിയാണ് ആകെ പദ്ധതി ചെലവ്. 14 കോടി ഭൂമി ഏറ്റെടുക്കുന്നതിനായി നൽകി. 12 മീറ്റർ വീതിയിൽ ഇരുനിര ഗതാഗതത്തിനുള്ള സൗകര്യത്തോടെയാണ് നിർമാണം. പ്രഭാതസായാഹ്നസവാരിക്കായി രണ്ട് മീറ്റർ ഹെൽത്ത് വാക്വേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 14 സ്പാനിലായി 147 പൈലും 49 പൈൽ ക്യാപ്പും I76 ഗർഡറും പദ്ധതിക്കായി നിർമിച്ചു കഴിഞ്ഞു. പാലാ ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന് ആരംഭിച്ച് കോട്ടയം പാതയിൽ കൊട്ടാരമറ്റം വരെയാണ് നിർദിഷ്ഠ എലവേറ്റഡ് ബൈപാസ്. 2018ൽ നിർമാണം ആരംഭിച്ചെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും കോവിഡ് നിയന്ത്രണങ്ങളും പദ്ധതിയുടെ തുടർച്ചയായ നിർമാണ ഘട്ടത്തിൽ നിരവധിയായ തടസ്സം സൃഷ്ടിച്ചു. മൂവാറ്റുപുഴ കേന്ദ്രമായ അക്ഷയ കൺസ്ട്രക്ഷൻസാണ് നിർമാണം നടത്തുന്നത്. ആകാശപാതയുടെ ഓരത്ത് മീനച്ചിലാറ്റിൽ വാട്ടർ അതോറിറ്റി വള്ളിച്ചിറ-ളാലം വില്ലേജ് ശുദ്ധജല വിതരണ പദ്ധതിക്കായി നിർമിച്ചിരിക്കുന്ന കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ജലവിഭവമന്ത്രിയോട് അഭ്യർഥിച്ചതായി ജോസ് കെ. മാണി എം.പി പറഞ്ഞു. നഗരസഭ ചെയർമാൻ ആന്‍റോ പടിഞ്ഞാറേക്കര, പി.എം. ജോസഫ്, ഫിലിപ്പ് കുഴികുളം, ബാബു കെ. ജോർജ്, ബെന്നി മൈലാടൂർ, തോമസ് ആന്‍റണി, ബൈജു കൊല്ലംപറമ്പിൽ, ബിജു പാലൂപവൻ, ജയ്സൺ മാന്തോട്ടം, കുഞ്ഞുമോൻ മാടപ്പാട്ട് എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.