മാര്‍ ജോസഫ് പൗവത്തിലിന്‍റെ മെത്രാഭിഷേക സുവര്‍ണജൂബിലി ഇന്ന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത മുന്‍ അധ്യക്ഷൻ മാര്‍ ജോസഫ് പൗവത്തില്‍ മെത്രാഭിഷേക സുവര്‍ണജൂബിലി നിറവില്‍. ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ഞായറാഴ്ച രാവിലെ 6.30ന് മാര്‍ പൗവത്തില്‍ അതിരൂപത ചാപ്പലില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. ​​​​വൈകീട്ട്​ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ​ അനുമോദനസമ്മേളനം നടക്കും. 1972 ജനുവരി ഏഴിനാണ്​ ചങ്ങനാശ്ശേരി സഹായമെത്രാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്​. 1972 ഫെബ്രുവരി 13 ന്​ ആയിരുന്നു ബിഷപ്​ സ്ഥാനാരോഹണം. റോമിൽ നടന്ന ചടങ്ങിൽ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ്​ ബിഷപ്പായി ഉയർത്തിയത്​. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പായിട്ടായിരുന്നു ആദ്യ നിയമനം. 1985ൽ ചങ്ങനാശ്ശേരി ആര്‍ച് ബിഷപ്പായി. 2007 വരെ ആര്‍ച് ബിഷപ്​ സ്ഥാനത്ത്​ തുടർന്ന മാർ പൗവത്തിൽ നിലവിൽ വിശ്രമജീവിതത്തിലാണ്. സി.ബി.സി.ഐ കമീഷന്‍ ഫോര്‍ എജുക്കേഷന്‍ ആൻഡ്​​ കള്‍ചര്‍ ചെയര്‍മാന്‍, യുവജനങ്ങള്‍ക്കായുള്ള സി.ബി.സി.ഐ കമീഷന്‍ ആദ്യ ചെയര്‍മാന്‍, ഇന്‍റര്‍ ചര്‍ച് കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ സ്ഥാപക ചെയര്‍മാന്‍, റിലീജിയസ് ഫെലോഷിപ് ഫൗണ്ടേഷൻ സ്ഥാപക ചെയര്‍മാന്‍, സിറോ മലബാര്‍ എക്യുമെനിക്കല്‍ കമീഷന്‍ ചെയര്‍മാന്‍, കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്‍റ്​, കെ.സി.ബി.സി കമീഷന്‍ ഫോര്‍ വിജിലന്‍സ് ആന്‍ഡ് ഹാര്‍മണി ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്​. വിദ്യാഭ്യാസ, ന്യൂനപക്ഷ അവകാശങ്ങൾക്കായി ശക്തമായി നിലയുറപ്പിച്ചിട്ടുള്ള മാർ പൗവത്തിൽ, ലളിത ജീവിതം കൊണ്ടും ശ്രദ്ധേയനാണ്​. കലാലയ കാലഘട്ടത്തിലും സെമിനാരി ജീവിതത്തിലും വൈദിക ജീവിതത്തിലും മേലധ്യക്ഷ ശുശ്രൂഷയിലും ലാളിത്യമാര്‍ന്ന ജീവിത ശൈലിയാണ് അദ്ദേഹം പിന്തുടർന്നത്​. ആഡംബരവും ആഘോഷങ്ങളും അകറ്റിനിർത്തുന്നതും മാർ പൗവത്തിന്‍റെ പ്രത്യേകതയാണ്​. മെത്രാഭിഷേക സുവര്‍ണജൂബിലിയുടെ ഭാഗമായി ഏഴ് വാല്യങ്ങളിലായി തയാറാക്കിയ മാര്‍ ജോസഫ് പൗവത്തിലിന്‍റെ സമ്പൂര്‍ണ കൃതികളുടെ സമാഹാരം മേയില്‍ പ്രസിദ്ധീകരിക്കുമെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് പറഞ്ഞു. അതിരൂപത കളര്‍ എ ഹോം പദ്ധതിയിലൂടെ 50 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട്​ നിർമിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.