ഈരാറ്റുപേട്ടയിൽ പുതിയ ട്രാഫിക് പരിഷ്കരണം നാളെ മുതൽ

lead ഈരാറ്റുപേട്ട: നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനങ്ങള്‍ നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചതായി നഗരസഭ അധ്യക്ഷ സുഹ്​റ അബ്ദുൽ ഖാദർ. വെള്ളിയാഴ്ച മുതൽ പരിഷ്കരണം നടപ്പിലാക്കാനാണ് തീരുമാനം. നഗരസഭയും ട്രാഫിക്​ റെഗുലേഷൻ കമ്മിറ്റിയും രാഷ്​ട്രീയപാർട്ടി നേതാക്കളും ട്രേഡ് യൂനിയൻ ഭാരവാഹികളും വ്യാപാരി പ്രതിനിധികളും സംയുക്തമായി കഴിഞ്ഞയാഴ്ച എടുത്ത തീരുമാനമാണ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നത്. ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നത് ഇങ്ങനെ: മാർക്കറ്റ് റോഡില്‍നിന്ന്​ അഹമ്മദ് കുരിക്കള്‍ നഗറിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. മാര്‍ക്കറ്റ് റോഡിൽനിന്നുമുള്ള വാഹനങ്ങള്‍ പഴയ സപ്ലൈകോ റോഡ്‌ വഴിയോ, ആര്‍.എച്ച്.എം ജങ്ഷന്‍ വഴിയോ മെയിന്‍ റോഡിലേക്ക് പ്രവേശിക്കണം മുഹ്​യിദ്ദീൻ പള്ളി കോസ്​വേയില്‍നിന്നുള്ള വാഹനങ്ങള്‍ ഇടത്തേക്കുതിരിഞ്ഞ് സെന്‍ട്രല്‍ ജങ്​ഷന്‍ ചുറ്റി മാത്രം മാർക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ് സ്റ്റാൻഡ്​ ഭാഗത്തേക്കും പോവുക. അഹമ്മദ് കുരിക്കള്‍ നഗറിന് മുന്നിലുള്ള സ്റ്റോപ്പിലെ ബസുകളുടെ അനധികൃത പാര്‍ക്കിങ്ങും ഓട്ടോറിക്ഷകളുടെ കറക്കവും പൂര്‍ണമായും ഒഴിവാക്കും. പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍നിന്ന്​ ഇറങ്ങുന്ന ബസുകള്‍ അനധികൃതമായി ടൗണില്‍ നിര്‍ത്തി ആളെ കയറ്റുന്നത് ഒഴിവാക്കി ബസുകള്‍ക്ക് അനുവധിച്ചിരിക്കുന്ന സ്റ്റോപ്പുകളില്‍ മാത്രം നിർത്തേണ്ടതാണ്. ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതിന് ചെയർപേഴ്സൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ സി.എ. നാസർ, ഈരാറ്റുപേട്ട എസ്​.എച്ച്​.ഒ ബാബു സെബാസ്റ്റ്യൻ, കൗൺസിലർമാരായ അനസ് പാറയിൽ, ഇ.പി. അൻസാരി എന്നിവരടങ്ങുന്ന ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിലവിലെ മുഴുവൻ ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്കും തൽസ്ഥിതി തുടരുന്നതിനും നഗരസഭ വക സ്ഥലത്ത് പ്രവർത്തിക്കുന്ന ടൂറിസ്റ്റ്​ ടാക്സി സ്റ്റാൻഡ്​ മുക്കട ജങ്​ഷനിലേക്ക് മാറ്റുന്നതിനും നഗരസഭ വക സ്ഥലം സംരക്ഷിക്കുന്നതിനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.