കോട്ടയം: റോഡും തോടും ഒന്നായിക്കിടക്കുന്ന പാറേച്ചാൽ ജെട്ടിയിലേക്ക് തിരിഞ്ഞ കാർ തോട്ടിലേക്ക് വീഴുന്നത് പാലത്തിനപ്പുറം താമസിക്കുന്ന ചന്ദ്രബോസ് കണ്ടില്ലായിരുന്നെങ്കിൽ വെള്ളിയാഴ്ച പുലരുന്നത് ഹൃദയം തകർക്കുന്ന ദുരന്തവാർത്തയുമായിട്ടായിരുന്നേനെ. തിരുവല്ല കുമ്പനാട് സ്വദേശികളായ ഡോ. സോണിയ, മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, സഹോദരൻ അനീഷ്, മാതാവ് ശോശാമ്മ എന്നിവർക്കാണ് പാറേച്ചാൽ നിവാസികളുടെ ആത്മധൈര്യം മൂലം ജീവൻ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച രാത്രി 11ഓടെ പാലത്തിനപ്പുറം വെള്ളംകയറിയ വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് ചന്ദ്രബോസ് ആ കാഴ്ച കണ്ടത്. തിരുവാതുക്കൽ-നാട്ടകം സിമന്‍റ് കവല ബൈപാസിലൂടെ വന്ന ചുവന്ന കാർ തിരുവാതുക്കൽ റോഡിലേക്ക് കയറാതെ പാറേച്ചാൽ ജെട്ടിയുടെ ഭാഗത്തേക്ക് തിരിയുകയായിരുന്നു. ഇവിടെ നടവഴിയല്ലാതെ റോഡില്ല. വഴിയും തോടും ഒന്നായിക്കിടക്കുകയാണ്. ജെട്ടിയുടെ ഭാഗത്തേക്ക് തിരിഞ്ഞ കാർ വെള്ളത്തിൽ പതിക്കുന്നതും വള്ളം പോകുന്നതുപോലെ ഒഴുകിനീങ്ങുന്നതും ചന്ദ്രബോസ് കണ്ടു. രണ്ടു ചിറയും മെയിൻറോഡും കടന്ന് ചന്ദ്രബോസിന് അങ്ങോട്ടെത്താൻ കഴിയുമായിരുന്നില്ല. ഉടൻ, കാർ വെള്ളത്തിൽ വീണെന്നുപറഞ്ഞ് അലറിവിളിക്കുകയായിരുന്നു. വീടും പരിസരവുമെല്ലാം വെള്ളം കയറിയതിനാൽ ആളുകളെല്ലാം നേരത്തേ വീട്ടിൽകയറിയിരുന്നു. ബഹളംകേട്ട് പാലത്തിനപ്പുറത്തെ വീട്ടിലെ സത്യനാണ് ആദ്യം പുറത്തിറങ്ങിയത്, പുറകെ മറ്റുള്ളവരും. ഇവർ കണ്ടത് വെള്ളത്തിലൂടെ ഒഴുകിപ്പോവുന്ന കാർ. വഴിയിലൂടെ കാറിന് പിറകെ ഇവരും ഓടി. നല്ല കുത്തൊഴുക്കായതിനാൽ കാറിനൊപ്പം എത്തിയില്ല. തോമസിന്‍റെ വീടിനുമുന്നിലെത്തി കാർ അൽപനേരം തടഞ്ഞുനിന്നപ്പോൾ ഒഴുക്ക് അവഗണിച്ച് കൂട്ടത്തിലൊരാൾ വെള്ളത്തിലേക്കുചാടി. പുറകെ മറ്റുള്ളവരും. നാല് ഡോറുകളും വെള്ളത്തിനടിയിലായിരുന്നതിനാൽ ആരൊക്കെയാണ് കാറിലെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. വെളിച്ചം ഇല്ലാത്ത ഭാഗമായിരുന്നതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമായി. കാറിനകത്തുള്ളവർ പ്രാണഭയം മൂലം ചില്ലിൽ കൈകൊണ്ടടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. എല്ലാവരും ചേർന്ന് കാർ കരഭാഗത്തേക്ക് വലിച്ചു. രണ്ടുപേർ ചേർന്ന് കാറിന്‍റെ പിൻഭാഗം ഉയർത്തിയപ്പോഴാണ് കാറിനുള്ളിലുള്ളവരെ കണ്ടത്. ചിലർ കാറിന്‍റ മുൻഭാഗവും പിടിച്ചുയർത്തി. കാർ വെള്ളത്തിൽനിന്ന് ഉയർന്നതോടെ ഡ്രൈവർ സീറ്റിലിരുന്നയാൾക്ക് മുന്നിലെ ഡോർ തുറക്കാനായി. ഉടൻ കാറിൽനിന്ന് കുഞ്ഞിനെ എടുത്ത് കരയിൽനിന്ന സ്ത്രീകളുടെ കൈയിൽകൊടുത്തു. പിന്നെ മറ്റുള്ളവരെയും കരക്കെത്തിച്ചു. അപ്പോഴേക്കും കാറിന്‍റെ മുൻഭാഗം ചളിയിൽ താഴ്ന്നു. ഒഴുകിപ്പോകാതിരിക്കാൻ കാർ കയറുപയോഗിച്ച് മരത്തിൽകെട്ടി. നാലുപേരെയും സമീപത്തെ രജനിയുടെ വീട്ടിലെത്തിച്ചു. ഭയന്ന അവസ്ഥയിലായിരുന്നു എല്ലാവരും. അവരെ ആശ്വസിപ്പിച്ച് മാറാൻ വസ്ത്രങ്ങൾ നൽകി. ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും ആർക്കും പരിക്കില്ലാത്തതിനാൽ അത് വേണ്ടെന്നുപറഞ്ഞു. ഗൂഗിൾമാപ്പ് നോക്കി വന്നതാണെന്നും വെള്ളം കണ്ടതോടെ ഭയന്ന് വേഗത കൂട്ടിയെന്നുമാണ് വാഹനമോടിച്ച അനീഷ് പറഞ്ഞത്. മൊബൈൽ ഫോണുകൾ കാറിനുള്ളിലായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനെത്തിയവരുടെ ഫോണിൽ സോണിയയുടെ ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. രാത്രിതന്നെ നാലുപേരെയും നാട്ടുകാരെല്ലാവരും ചേർന്ന് പാറേച്ചാൽ ബൈപാസിലെത്തിച്ചു. അവിടെ സോണിയയുടെ ഭർത്താവ് കാറുമായി എത്തിയിരുന്നു. പാറേച്ചാലുകാർക്കെല്ലാം നന്ദിപറഞ്ഞാണ് സോണിയയും ഭർത്താവും മടങ്ങിയത്. പരിസരത്തെ മുപ്പതോളംപേർ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. അവിശ്വസനീയം ഈ രക്ഷപ്പെടൽ കോട്ടയം: പാറേച്ചാൽ നിവാസികളുടെ സമയോചിത ഇടപെടലാണ് പിഞ്ചുകുഞ്ഞടക്കം നാലുപേരെ പോറൽ പോലുമേൽക്കാതെ രക്ഷിച്ചത്. റോഡിൽനിന്ന് കാർ നേരെ പോകുന്നതിന് പകരം പാറേച്ചാൽ ജെട്ടിയിലേക്ക് തിരിയുകയായിരുന്നു. റോഡിൽനിന്ന് വലിയ തോട്ടിലേക്ക് വീണ കാർ അധികദൂരം കഴിയുംമുമ്പേ അരികിൽ തട്ടി കൈത്തോട്ടിലേക്ക് തിരിഞ്ഞതിനാലാണ് സമീപത്തുള്ളവർ കണ്ടത്. നേരെ വലിയതോട്ടിലൂടെ പോയിരുന്നെങ്കിൽ മീനച്ചിലാറ്റിൽ പതിച്ച് വൻ ദുരന്തം സംഭവിച്ചേനെ. ആരും കാണാനുമിടയില്ല. വെള്ളംനിറഞ്ഞ വഴിയിലൂടെ നടന്നുപോവാൻ തന്നെ ഭയമാണെന്ന് സമീപവാസിയായ ജയൻ പറയുന്നു. ഒഴുക്കും ശബ്ദവും വല്ലാതെ ഭീതിപ്പെടുത്തും. ആ തോട്ടിലൂടെയാണ് കാർ ഒഴുകിപ്പോയതെന്ന് ഓർക്കുമ്പോൾ നാട്ടുകാർക്കും ഞെട്ടൽ. വാഹനങ്ങൾക്ക് വരാൻ വഴിയില്ലാത്തതിനാൽ കാർ വെള്ളത്തിൽനിന്നെടുക്കാനായിട്ടില്ല. പാറേച്ചാൽ ബൈപാസിനോട് ചേർന്നാണെങ്കിലും ജെട്ടിയിലേക്ക് നടവഴിയേ ഉള്ളൂ. റോഡ് എന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളേറെ പഴക്കമുണ്ട്. നിരവധി കുടുംബങ്ങളാണ് ഇവിടെ വെള്ളംകയറി അരക്ഷിതാവസ്ഥയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.