ആറ്റുതീരം ഇടിഞ്ഞ് ട്രാവലർ ചരിഞ്ഞു; നൂൽപാലത്തിൽനിന്ന് രക്ഷപ്പെട്ട് യാത്രികർ

വാഹനം വടം കെട്ടിനിർത്തി ഡ്രൈവറുടെ വാതിൽവഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി നാട്ടുകാർ തലയോലപ്പറമ്പ്: ആറ്റുതീരം ഇടിഞ്ഞ ഭാഗത്ത് വാഹനം ചരിഞ്ഞ് അപകടത്തിൽപ്പെട്ടു. നാട്ടുകാർ വടം കെട്ടിനിർത്തി 15 അംഗ സംഘത്തെ പുറത്തിറക്കി. ചൊവ്വാഴ്ച പുലർച്ച 4.30 ഓടെ മറവൻതുരുത്ത് പഞ്ചായത്തിലെ ചിറേക്കടവിലാണ് സംഭവം. കണ്ണൂരിൽ വിവാഹനിശ്ചയ ചടങ്ങിനുശേഷം തിരികെ പാമ്പാടിയിലേക്ക് വന്ന കുടുംബം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തിൽപെട്ടത്. മറവൻതുരുത്തിലെ പൊലീസ് ഉദ്യോഗസ്ഥയെയും കുടുംബത്തെയും വീട്ടിൽ എത്തിക്കാനാണ് വാഹനം വന്നത്. സ്ത്രീകളും കുട്ടികളും അടക്കം 15 യാത്രക്കാർ സംഭവസമയത്ത് വാഹനത്തിലുണ്ടായിരുന്നു. ആറ്റുതീരം ഇടിഞ്ഞഭാഗത്ത് വാഹനത്തിന്‍റെ ചക്രം താഴ്ന്നതിനെ തുടർന്ന് ടെമ്പോ പുഴയിലേക്ക് ചരിഞ്ഞു. വിവരം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തി വാഹനം വടംകെട്ടിനിർത്തി ഡ്രൈവറുടെ വാതിൽവഴി മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. വൈക്കത്തുനിന്ന്​ അഗ്നിരക്ഷ സേനയെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിമാറ്റി. 2018ൽ ഉണ്ടായ പ്രളയത്തെ തുടർന്നാണ് ആറ്റുതീരം അപകടാവസ്ഥയിലായത്. ചിറേക്കടവ് മുതൽ തന്നേലിൽ കടവുവരെ 150 മീറ്ററോളം വരുന്ന റോഡ് ഭാഗമാണ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് കൂടുതൽ അപകടാവസ്ഥയിലായത്. രണ്ടുവർഷം മുമ്പ്​ ഇറിഗേഷൻ വകുപ്പ് ചിറേക്കടവ് ഭാഗത്ത് മണൽചാക്ക് നിറച്ച് താൽക്കാലികമായി ബലപ്പെടുത്തിയെങ്കിലും ആറ്റുതീരം വീണ്ടും ഇടിഞ്ഞുതാഴുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഈഭാഗത്ത് രണ്ടുവർഷത്തിനിടെ ചെറുതും വലുതുമായ എട്ടോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. തീരം കരിങ്കൽ കെട്ടി ബലപ്പെടുത്താൻ 35 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പ് അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയിട്ടില്ല. ------ പടം: KTL Traveler മറവൻതുരുത്ത് പഞ്ചായത്തിലെ ചിറേക്കടവിൽ ആറ്റുതീരം ഇടിഞ്ഞഭാഗത്ത് യാത്രക്കാരുമായി ചരിഞ്ഞ ട്രാവലർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.