വായ്പ തീർത്തിട്ടും ആധാരം നൽകുന്നില്ലെന്ന്​ പരാതി

കുടമാളൂർ: വീടുനിർമാണത്തിനായി ബാങ്കിൽ പണയംവെച്ച വസ്തുവിന്‍റെ ആധാരം പണമടച്ചുകഴിഞ്ഞിട്ടും തിരികെ നൽകുന്നില്ലെന്ന് പരാതി. കുടമാളൂർ വടക്കേമുറിയിൽ റിട്ട. ഹെഡ് നഴ്സ് കെ. സുഭദ്രയാണ് ബാങ്കിന്‍റെ പടികൾ മാസങ്ങളായി കയറിയിറങ്ങുന്നത്. 2003 നവംബറിലാണ് സുഭദ്രയും ഭർത്താവ് വി.കെ. ശ്രീനിവാസനും ചേർന്ന് അന്നത്തെ കോർപറേഷൻ ബാങ്ക് കോട്ടയം ശാഖയിൽനിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തത്. കോർപറേഷൻ ബാങ്ക് പിന്നീട് യൂനിയൻ ബാങ്കിൽ ലയിച്ചു. വായ്പ എടുക്കുന്ന സമയത്ത് ദമ്പതികൾക്ക് പ്രായാധിക്യമായെന്ന്​ പറഞ്ഞ ബാങ്ക് ഇവരുടെ മൂത്ത മകനെക്കൂടി രേഖകളിൽ എഴുതിച്ചേർത്തിരുന്നു. 2013ൽ ഈ പണയവസ്തു ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ ഇളയമകന്‍റെ പേരിൽ അവകാശം ലഭിക്കുന്ന തരത്തിൽ ഇരുവരും ചേർന്ന് വിൽപത്രമെഴുതി രജിസ്റ്റർ ചെയ്തു. ഇതിനിടയിൽ മൂന്നുകൊല്ലം മുമ്പ്​ റിട്ട. പോസ്റ്റ് മാസ്റ്റർ കൂടിയായ ശ്രീനിവാസൻ മരണപ്പെട്ടു. ഇതോടെ വസ്തുവിന്‍റെ ഉടമസ്ഥാവകാശം ഭാര്യയായ സുഭദ്രയിൽ എത്തിച്ചേർന്നു. തുടർന്ന് യൂനിയൻ ബാങ്കിലെ വായ്പ ഫെബ്രുവരി രണ്ടിന് ഒന്നിച്ച് അടച്ചുതീർത്തു. ആർ.ബി.ഐയുടെ പുതിയ ഉത്തവുപ്രകാരം മക്കൾ കൂടി എത്തിയാൽ മാത്രമേ ആധാരം തിരികെനൽകൂ എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഭക്ഷിണാഫ്രിക്കയിലും ഡൽഹിയിലും കുടുംബസമേതം താമസിക്കുന്ന മക്കളെ അവരുമായി ബന്ധമില്ലാത്ത കാര്യത്തിൽ വിളിച്ചുവരുത്തുന്നതിന്‍റെ ഉദ്ദേശമാണ് മനസ്സിലാകാത്തതെന്ന് സുഭദ്ര പറയുന്നു. ഇതുസംബന്ധിച്ച് വെസ്റ്റ് പൊലീസിലും വനിത സെല്ലിലും പരാതി നൽകിയിരിക്കുകയാണ്. അതോടൊപ്പം ഉപഭോക്തൃ കോടതിയിൽ പരാതി നൽകാനും ഒരുങ്ങുകയാണ്. - ഗുരുസന്ദേശ നേതൃത്വ പഠനക്യാമ്പ് നീണ്ടൂർ: എസ്.എൻ.ഡി.പി യോഗം നീണ്ടൂർ അരുണോദയം ശാഖയിൽ ഗുരുകൃപാമൃതം ഗുരുസന്ദേശ നേതൃത്വ പരിശീലന പഠനക്യാമ്പ് സംഘടിപ്പിച്ചു. ചൈൽഡ് എജുക്കേഷൻ പ്രമോട്ടർ രശ്മി കണ്ണൻ, ഗുരുസ്മൃതി ഗ്ലോബൽ മിഷൻ ബിബിൻ ഷാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യൂനിയൻ പ്രസിഡന്‍റ്​ ആർ. രാജീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ്​ യു.കെ. ഷാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.ടി. സുനിൽ, വൈസ്​ പ്രസിഡന്‍റ്​ എ.ഡി. ഷാജി, യൂനിയൻ കമ്മിറ്റി അംഗം കെ.ആർ. സന്തോഷ്, പി.സി. സുരേഷ് ബാബു, കെ.പി. ദാസപ്പൻ, സി.സി. ശശി, കെ.സി. ശോഭന, പ്രിയ സുകുമാരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.