ജില്ലതല പ്രവേശനോത്സവം: അണിഞ്ഞൊരുങ്ങി കുടമാളൂർ സ്കൂൾ ആഘോഷം പരിസ്ഥിതി സൗഹൃദം കോട്ടയം: ജില്ലതല പ്രവേശനോത്സവത്തിന് അണിഞ്ഞൊരുങ്ങി കുടമാളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ക്ലാസ് മുറികളും സ്കൂൾ മുറ്റവും ശുചീകരിച്ചു. ഒന്നാംക്ലാസിലെ കുട്ടികൾക്കായി ബെഞ്ചും ഡെസ്കും പെയിന്‍റ് ചെയ്തു. ക്ലാസിൽ അക്ഷരങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങളും വർണബലൂണുകളും നിറച്ചു. കടലാസ് കൊണ്ടുള്ള തൊപ്പിയും മലയാള അക്ഷരങ്ങളെഴുതിയ പ്ലക്കാർഡും തയാറാക്കി. ഗേറ്റിൽനിന്ന് മുത്തുക്കുടയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ ഒന്നാംക്ലാസിലെയും അഞ്ചാംക്ലാസിലെയും കുട്ടികളെ ആനയിക്കും. തുടർന്ന് മിഠായിയും പായസവും നൽകും. പഠനോപകരണ വിതരണവും കലാപരിപാടികളും ഉണ്ടാകും. പരിസ്ഥിതി സൗഹൃദമാണ് ആഘോഷം. എൽ.കെ.ജി, ഒന്നാംക്ലാസ് കുട്ടികൾക്കായി പ്രവേശനോത്സവത്തിന് പ്രത്യേക വസ്ത്രവും സ്കൂൾ അധികൃതർ തന്നെ എടുത്തു. പുസ്തകങ്ങൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. യൂനിഫോമിനുള്ള തുണി എത്തിയെങ്കിലും വിതരണം ചെയ്യാനായിട്ടില്ല. എൽ.പി സ്കൂളിൽ 190 കുട്ടികളുണ്ട്. എൽ.കെ.ജിയിൽ 32 കുട്ടികളും ഒന്നാംക്ലാസിൽ 29 കുട്ടികളും ഇത്തവണ പ്രവേശനം നേടി. കഴിഞ്ഞതവണ 27 കുട്ടികളെ ഒന്നാംക്ലാസിൽ ഉണ്ടായിരുന്നുള്ളൂ. രണ്ടുവർഷമായി പ്രധാനാധ്യാപിക തസ്തിക ഒഴിഞ്ഞുകിടന്നു. കഴിഞ്ഞ നവംബറിലാണ് പുതിയ പ്രധാനാധ്യാപികയായി പി.എം. രജനി ചുമതലയേറ്റത്. പ്രവേശനോത്സവം രാവിലെ 9.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, കലക്ടർ തുടങ്ങിയവർ പങ്കെടുക്കും. -------- പടങ്ങൾ: dp ---------- ഒരുക്കം പൂർത്തിയാക്കി എൻ. സുജയ പടിയിറങ്ങി കോട്ടയം: പ്രവേശനോത്സവത്തിന്‍റെ ഒരുക്കം പൂർത്തിയാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ പടിയിറങ്ങി. 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിനാണ് സ്കൂൾ തുറക്കുന്നതിന്‍റെ തലേന്ന് വിരാമമായത്. കുട്ടികളുടെ ലോകത്തുനിന്ന് വിടവാങ്ങുന്നതിൽ ഏറെ വിഷമമുണ്ടെന്ന് സുജയ പറഞ്ഞു. മൂന്നുജില്ലകളിൽ ജോലി ചെയ്യാനും നൂറുകണക്കിന് ശിഷ്യരെ സ്വന്തമാക്കാനും കഴിഞ്ഞതു ഭാഗ്യമായി കാണുന്നു. അപ്രതീക്ഷിതമായെത്തുന്ന 'ടീച്ചറേ' എന്ന വിളിയാണ് ഇനിയുള്ള യാത്രകളിലെ സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു. അവസാനദിവസം ഫയലുകൾ നോക്കിത്തീർത്ത് പ്രവേശനോത്സവത്തിന്‍റെ അന്തിമ ഒരുക്കം വിലയിരുത്തിയശേഷമാണ് സുജയ ഓഫിസിൽ നിന്നിറങ്ങിയത്. 1989 ജൂൺ ഒന്നിന് ഫിസിക്കൽ സയൻസ് അധ്യാപികയായി കോഴിക്കോട് നടുവണ്ണൂർ ജി.എച്ച്.എസിലാണ് ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ജി.എച്ച്.എസ് ചെറുവണ്ണൂർ, ജി.വി.എച്ച്.എസ് വെച്ചൂർ, ജി.എച്ച്.എസ് കലവൂർ, ജി.എച്ച്.എസ് ചുനക്കര എന്നിവിടങ്ങളിൽ ജോലിചെയ്തു. 2011ൽ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ കുപ്പപ്പുറം ജി.എച്ച്.എസിൽ പ്രധാനാധ്യാപികയായി. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഗവ. എസ്.വി.എച്ച്.എസ്.എസ് കുടശ്ശനാട്, ജി.എച്ച്.എസ് പയ്യനല്ലൂർ, കൊല്ലകടവ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായി. 2019ലാണ് ചേർത്തല ഡി.ഇ.ഒ ആയി സ്ഥാനക്കയറ്റം നേടുന്നത്. 2021 നവംബറിൽ വിദ്യാഭ്യാസ ഉപഡയറക്ടറായി കോട്ടയത്തെത്തി. കെ.എസ്.ഇ.ബിയിൽനിന്ന് എക്സി. എൻജിനീയറായി വിരമിച്ച ഭർത്താവ് മധുസൂദനൻ, മക്കൾ പാർവതി, ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം ആലപ്പുഴ ഇടക്കുന്നം ചാരുംമൂട് കൗസ്തുഭം വീട്ടിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.