കുളത്തൂപ്പുഴ: സർക്കാർ പ്രഖ്യാപിച്ച സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം കിഴക്കന്‍ മേഖലയിലെ വനത്തിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ വനംവകുപ്പ് ആവശ്യപ്പെട്ട രേഖകളും സമ്മതപത്രവും കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം അനുവദിക്കാന്‍ അധികൃതര്‍ തയാറാകാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കുളത്തൂപ്പുഴ പഞ്ചായത്തിലെ ഡീസെന്റ് ഡാലി, ഡാലിക്കരിക്കം നിവാസികളാണ് അധികൃതരുടെ അവഗണനയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കിഫ്ബി വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന്15 ലക്ഷംവീതം ലഭിക്കുമെന്ന പ്രഖ്യാപനവുമായാണ് വനംവകുപ്പ് മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ മുപ്പത്തഞ്ചോളം കുടുംബങ്ങളില്‍ നിന്നും രേഖകള്‍ ഒപ്പിട്ടുശേഖരിച്ചത്. പ്രദേശത്തെ സ്ഥിരതാമസക്കാരായ പ്രായപൂർത്തിയായ മകനെയും മകളെയും പ്രത്യേക കുടുംബമായി കണക്കാക്കിയാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്.
സമീപപ്രദേശത്തെ മറ്റു സങ്കേതക്കാര്ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയെങ്കിലും വനം വകുപ്പിന്റെ കടുംപിടിത്തവും പിടിവാശിയുമാണ് ഇവിടുത്തുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. സമീപ സങ്കേതക്കാരെല്ലാം ആനുകൂല്യം വാങ്ങി പ്രദേശത്തുനിന്നും ഒഴിഞ്ഞുപോയതോടെ ഇവിടെ താമസിക്കുന്നവര്‍ക്ക് കാട്ടുമൃഗങ്ങളുടെ നിരന്തര ശല്യം കാരണം ജീവിതം ദുസ്സഹമായി മാറുകയായിരുന്നു.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നിയും കാട്ടാനയും ചെന്നായ കൂട്ടവും വിഹരിക്കുന്ന വനപാതയിലൂടെ വഴിനടക്കാനാവാത്ത അവസ്ഥയാണിപ്പോള്‍. കാട്ടാനകളെ ഭയന്ന് കുട്ടികളെ സ്കൂളിലയക്കാൻപോലും കഴിയുന്നില്ലെന്നും വനത്തിറമ്പിലെ കുടിലുകളെല്ലാം ആനക്കൂട്ടം തകര്‍ത്തതായും ഇവർ പറയുന്നു
ഡാലിക്കരിക്കം പ്രദേശത്തെ ഭൂമികള്‍ക്കെല്ലാം 1966ല്‍ സര്‍ക്കാര്‍ പട്ടയം അനുവദിക്കുകയും കുളത്തൂപ്പുഴ വില്ലേജില്‍ കരം ഒടുക്കിവരുന്നതുമാണ്. എന്നാല്‍ ആറു പതിറ്റാണ്ട് മുമ്പുള്ള പട്ടയ പകര്‍പ്പ് ഉണ്ടെങ്കിൽ മാത്രമേ ആനുകൂല്യം നൽകാൻ കഴിയുകയുള്ളൂവെന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് പ്രദേശവാസികൾക്ക് വിനയായിരിക്കുന്നത്.
പട്ടയ പകർപ്പിനായി താലൂക്ക് ഓഫീസിലടക്കം നാട്ടുകാർ കയറിയിറങ്ങിയെങ്കിലും യാതൊരു നീക്കുപോക്കും ഉണ്ടായിട്ടില്ലെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലടക്കം നിവേദനങ്ങൾ നൽകിയെങ്കിലും അവഗണിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. അധികൃതരുടെ അവഗണനക്കൊപ്പം വർധിച്ചുവരുന്ന കാട്ടുമൃഗശല്യവും സ്വൈര്യം കെടുത്തിയതോടെയാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.