കൊല്ലം: മുനിസിപ്പാലിറ്റി കാലത്ത് ഏറ്റെടുത്ത ഭൂമിക്ക് വർഷങ്ങൾ പിന്നിട്ടിട്ടും നഷ്ടപരിഹാരം നൽകാത്ത കേസിൽ കൊല്ലം കലക്ടറേറ്റ് ജപ്തിയിലേക്ക്. ഹൈകോടതി വിധിച്ചിട്ടും തുക നൽകാതായതോടെ ആണ് കലക്ടറേറ്റ് കെട്ടിടങ്ങളും ഭൂമിയും ജപ്തി ചെയ്യാൻ നടപടിയായത്. ഇതുസംബന്ധിച്ച് കൊല്ലം സബ് കോടതിയുടെ ജപ്തി നോട്ടീസ് കോടതികൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന കലക്ടറേറ്റിൽ പതിച്ചു. അന്തരിച്ച വ്യവസായി കെ. രവീന്ദ്രനാഥൻ നായരുടെ കൈവശമുണ്ടായിരുന്ന വസ്തു കോർപറേഷൻ മുനിസിപ്പാലിറ്റി ആയിരുന്ന 25 വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്തതിൽ നഷ്ടപരിഹാരം നൽകാത്തതിലാണ് നടപടി.
ചിന്നക്കട-കടപ്പാക്കട റോഡിൽ സപ്ലൈകോ പെട്രോൾ പമ്പിന് എതിർവശത്തായി ഉള്ള 1.13 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. നഗരത്തിൽ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് പദ്ധതി സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി റെയിൽവെ ഭൂമി ഏറ്റെടുക്കുന്നതിന് പകരം നൽകാൻ വേണ്ടിയാണ് ഈ സ്ഥലം അന്ന് ഏറ്റെടുത്തത്. ഇതിനൊപ്പം നഗരത്തിൽ തന്നെ മറ്റ് ചില സ്ഥലങ്ങളും റെയിൽവെക്ക് നൽകാനായിരുന്നു നീക്കം. പകരമായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റെയിൽവേ അധീനതയിലുള്ള സ്ഥലം വാങ്ങിയെടുത്ത് ബസ് ടെർമിനൽ നിർമിക്കാനായിരുന്നു പദ്ധതി.
രവീന്ദ്രനാഥൻ നായരിൽ നിന്ന് ലഭിച്ച ഭൂമിക്ക് 1.13 കോടി നഷ്ടപരിഹാരം നൽകാമെന്നാണ് സർക്കാർ അന്ന് അറിയിച്ചത്. എന്നാൽ, ഇത് അപര്യാപ്തമാണെന്ന് കാട്ടി രവീന്ദ്രനാഥൻ നായർ കോടതിയെ സമീപിച്ചു. കൊല്ലം സബ് കോടതി നഷ്ടപരിഹാരം എട്ട് കോടിയാക്കി വർധിപ്പിച്ചു. ഇതും കുറവാണെന്ന് കാണിച്ച് രവീന്ദ്രനാഥൻ നായരും കൂടിപ്പോയെന്ന് കാട്ടി കോർപറേഷനും ഹൈകോടതിയിലെത്തി. ഹൈകോടതി നഷ്ടപരിഹാരം 12.43 കോടിയാക്കി. ഈ തുക ലഭിക്കാതായതോടെ ഉടമ വീണ്ടും കൊല്ലം സബ് കോടതിയെ സമീപിച്ച് അനുകൂലമായി ഹരജി തീർപ്പാക്കി. എന്നാൽ, സർക്കാർ പണം നൽകിയില്ല. ഇതോടെയാണ് സബ് കോടതി കലക്ട്രേറ്റ് വരുന്ന രണ്ട് ഏക്കറോളം സ്ഥലം ജപ്തി ചെയ്യാൻ നടപടി ആരംഭിച്ചത്.
നഷ്ടപരിഹാരത്തിൽ ഹൈകോടതി വിധി സ്റ്റേ ചെയ്യാനും കൊല്ലം സബ് കോടതിയുടെ ജപ്തി പിൻവലിക്കാനും ഉള്ള നിയമനടപടിയിലാണ് സർക്കാർ. ഭൂവുടമക്ക് വേണ്ടി അഡ്വ. ചിറ്റയം സതീഷ് കുമാർ, അഡ്വ. വി.എസ്. തമ്പി, അഡ്വ. ഐശ്വര്യ എസ്. പ്രസാദ്, അഡ്വ. ഷീന ബീഗം എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.