ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; രണ്ടുമാസത്തിനിടെ ജില്ലയിൽ ആറ് കേസുകൾ

കൊല്ലം: നിശ്ചിത തുക നിക്ഷേപിച്ചാൽ ഇരട്ടിയായി തിരികെ ലഭിക്കുമെന്ന വാഗ്ദാനങ്ങളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ഓൺലൈൻ ട്രേഡിങ് പരസ്യങ്ങൾ വിശ്വസിച്ച് പണം നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായി സൈബർ പൊലീസ്. ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തി ഇരകളെ വലയിലാക്കുന്നത്.

കൊല്ലം സിറ്റിയിലും റൂറലിലുമായി പ്രവർത്തിക്കുന്ന സൈബർ പൊലീസ് സ്റ്റേഷനുകളിൽ ഈ വർഷം ആരംഭിച്ച് ജനുവരി മുതൽ ഇതുവരെ ആറ് ട്രേഡിങ് തട്ടിപ്പ് കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽപ്പെട്ട ഇരകൾക്ക് ആകെ 4.19 കോടി രൂപയുടെ നഷ്ടമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കുണ്ടറ സ്വദേശിയായ 65കാരന് 1.65 കോടി രൂപയും കരുനാഗപ്പള്ളി സ്വദേശിയായ 53കാരന് 1.28 കോടിയും നെല്ലില സ്വദേശിയായ 45കാരന് 87.8 ലക്ഷവും വടക്കേവിള സ്വദേശിയായ 46കാരന് 35.3 ലക്ഷവും വെട്ടിക്കവല സ്വദേശിനിയായ 45കാരിക്ക് 11.09 ലക്ഷവും പട്ടാഴി സ്വദേശിനിയായ 41കാരിക്ക് 11.5 ലക്ഷവും നഷ്ടമായി. പണം പിൻവലിക്കാൻ സാധിക്കാതായതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം ഇവർ തിരിച്ചറിഞ്ഞത്.

വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളും നിക്ഷേപ ആപ്പുകളും സൃഷ്ടിച്ചാണ് സംഘം ആളുകളെ വലയിലാക്കുന്നത്. അന്വേഷണം ഒഴിവാക്കാൻ ലക്ഷങ്ങൾ നൽകി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിന്റെ രീതി

ടെലിഗ്രാം, വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് കൂടുതൽ പേരെയും സമീപിക്കുന്നത്. വൻലാഭം ലഭിച്ചെന്ന വ്യാജ കണക്കുകളും സന്ദേശങ്ങളും പ്രചരിപ്പിച്ച് വിശ്വാസം നേടുന്നു. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് ലാഭം ലഭിച്ചതുപോലെ കാണിച്ചുകൊണ്ട് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, പിന്നീട് പണം പിൻവലിക്കാൻ കഴിയാതെ വരും. ജി.എസ്.ടി, നികുതി തുടങ്ങിയ പേരുകളിൽ വീണ്ടും പണം ആവശ്യപ്പെട്ട് കൂടുതൽ തട്ടിപ്പും നടത്തുന്നു.

സംശയാസ്പദ വിവരങ്ങൾ പരിശോധിക്കാൻ

ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട്, യു.പി.ഐ ഐഡി, ഇ-മെയിൽ, സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങിയവ സർക്കാർ സൈബർ ക്രൈം പോർട്ടലിലെ ‘Report & Check Suspect’ വിഭാഗം വഴി പരിശോധിക്കാം. തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 ഹെൽപ്‌ലൈനിൽ ബന്ധപ്പെടുകയോ സൈബർ ക്രൈം പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന് സൈബർ പൊലീസ് അറിയിച്ചു.

സൈബർ തട്ടിപ്പിന് ഇരയായാൽ ആദ്യത്തെ ഗോൾഡൻ അവറിനുള്ളിൽ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴാതെ സ്വയം ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Online trading fraud; Six cases in the district in two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.