കഴിഞ്ഞദിവസം പുള്ളിമാൻ ജങ്ഷന് സമീപം കണ്ട കാട്ടുപന്നി
കരുനാഗപ്പള്ളി: നഗരസഭ മേഖലകളിൽ കാട്ടുപന്നിക്കൂട്ടം വ്യാപകമായ കൃഷിനാശം വിതക്കുന്നതായി പരാതി. നഗരസഭ പരിധിയിൽ ഒമ്പതാം ഡിവിഷനിൽ പുള്ളിമാൻ ജങ്ഷന് സമീപമാണ് കഴിഞ്ഞദിവസം കാട്ടുപന്നിക്കൂട്ടം മതിൽക്കെട്ടുകൾ ഇല്ലാത്ത വീടുകളിൽ കയറി വാഴ ഉൾപ്പെടെ നിരവധി കരകൃഷികൾക്ക് നാശമുണ്ടാക്കിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇപ്പോൾ പന്നിക്കൂട്ടങ്ങളെ ഭയന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാത്ത അവസ്ഥയാണ്. പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന നഗരവാസികളുടെ ആവശ്യം ഇതോടെ കൂടുതൽ ശക്തമായി.
കരുനാഗപ്പള്ളി നഗരസഭയെ കൂടാതെ കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്ത് പരിധിയിലും മാസങ്ങളായി കാട്ടുപന്നിക്കൂട്ടം കർഷകരുടെ ഉറക്കംകെടുത്തിയിരിക്കുകയാണ്. നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്ന് തഴവ ഗ്രാമപഞ്ചായത്ത് പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ പ്രായോഗികമായ നടപടികൾ സ്വീകരിക്കുവാൻ ഇതിനകം പലതവണ കൂടിയാലോചനയോഗങ്ങൾ നടത്തി.
ആളൊഴിഞ്ഞ പ്രദേശങ്ങളിൽ സി.സി.ടി.വി ഉൾപ്പെടെയുള്ളവ സ്ഥാപിച്ച് കാര്യക്ഷമമായ നിരീക്ഷണം നടത്തിയാൽ മാത്രമേ പന്നിക്കൂട്ടങ്ങളെ പിടികൂടാൻ കഴിയൂ എന്നിരിക്കെ സമാശ്വാസ നടപടികൾ മാത്രമാണ് അധികൃതർ തുടരുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.