കൊല്ലം: റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി ജില്ലയിൽ ഈത്തപ്പഴവും വിവിധ പഴവർഗങ്ങളും വിൽക്കുന്ന കടകളിൽ വ്യാപാരം കുത്തനെ ഉയർന്നു. നോമ്പുതുറ സമയത്ത് ആദ്യം ഈത്തപ്പഴം കഴിക്കുന്ന പതിവ് നിലനിൽക്കുന്നതിനാൽ വിപണികളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ഇതിനാണ്. കഴിഞ്ഞദിവസങ്ങളിലായി പ്രധാന മാർക്കറ്റുകളിലും പച്ചക്കറി-പഴക്കച്ചവട കേന്ദ്രങ്ങളിലുമെല്ലാം വാങ്ങാനെത്തുന്നവരുടെ തിരക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ നിന്നുള്ള അജ്വ, മറിയം, മബ്‌റൂം, സഫാവി, മസ്റൂഖ്, മഗായി തുടങ്ങിയ ഇനങ്ങൾക്കും ഇറാൻ, ജോഡൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഈത്തപ്പഴങ്ങൾക്കും വലിയ ആവശ്യമാണ്. സൗദി ഈത്തപ്പഴങ്ങൾക്ക് കിലോക്ക് 240 മുതൽ 1200 രൂപവരെ വിലയുണ്ട്. ഇറാൻ ഇനങ്ങൾ 180 മുതൽ 450 രൂപവരെ ലഭ്യമാണ്. ജോർഡനിൽ നിന്നുള്ള മെഡ്ജൂൾ ഇനത്തിന് കൂടുതലാണ് വില; കിലോക്ക് 1350 രൂപ മുതലാണ് തുടക്കം.
ഗുണമേന്മ അനുസരിച്ച് വില വ്യത്യാസപ്പെടുന്നതായി വ്യാപാരികൾ വ്യക്തമാക്കി. കടുത്ത വേനലിലാണ് ഇത്തവണ റമദാൻ മാസമെത്തുന്നത്. ചൂട് കുറയ്ക്കാനും ശരീരത്തിന് ഊർജം നൽകാനും പഴങ്ങൾ സഹായകമാകുന്നതിനാൽ നോമ്പുതുറ വിഭവങ്ങളിൽ ഇവക്ക് പ്രത്യേക സ്ഥാനമുണ്ട്.
വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, മുന്തിരി, മുസംബി, മാതളം തുടങ്ങിയവക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. ജ്യൂസ്, സലാഡ്, സ്മൂത്തി തുടങ്ങിയവ തയ്യാറാക്കുന്നതിനായുള്ള വാങ്ങലുകളാണ് വിപണിയിലെ ചലനത്തിന് പിന്നിലെ പ്രധാന കാരണം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴവർഗങ്ങളും ഇറക്കുമതി ഉൽപ്പന്നങ്ങളും എത്തുന്നതോടെ ലഭ്യതയിൽ കുറവില്ലെങ്കിലും ഗതാഗതചെലവും ആവശ്യകതയും കൂടിയതോടെ ചില ഇനങ്ങൾക്ക് ചെറിയ വിലക്കയറ്റം അനുഭവപ്പെടുന്നുണ്ടെന്ന് കടയുടമകൾ പറഞ്ഞു.
തണ്ണിമത്തനാണ് നിലവിൽ വിപണിയിലെ പ്രധാന ആകർഷണം. ചൂട് കഠിനമായതിനാൽ പലരും നോമ്പുതുറയിൽ തണ്ണിമത്തൻ ഉൾപ്പെടുത്തുന്നു. സാധാരണ തണ്ണിമത്തന് കിലോയ്ക്ക് 25-30 രൂപയും മഞ്ഞ തണ്ണിമത്തന് 40 രൂപക്കുമുകളിലുമാണ് വില.
കിരൺ ഇനം 30 രൂപവരെ ലഭ്യമാണ്. ആപ്പിൾ കിലോയ്ക്ക് 240-260 രൂപ, പച്ച മുന്തിരി 180 രൂപ, കുരുവില്ലാത്ത കറുത്ത മുന്തിരി 240 രൂപവരെ, മുസംബി 160 രൂപ, ഓറഞ്ച് 100 രൂപയ്ക്കുമുകളിൽ, മാമ്പഴം 120 രൂപ മുതൽ എന്നിങ്ങനെയാണ് നിരക്കുകൾ. ഞാലിപ്പൂവൻ 80-90 രൂപയ്ക്കും ചെറുനാരങ്ങ 120-130 രൂപയ്ക്കും വിറ്റഴിയുന്നു. റമദാൻ അടുത്തെത്തുന്നതോടെ വരുംദിവസങ്ങളിൽ വിപണിയിലെ തിരക്കും വ്യാപാരവും കൂടുതൽ വർധിക്കുമെന്ന് വ്യാപാരികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.