കാണാതായ യുവാവിനായി വനത്തിൽ തിരച്ചിൽ

പുനലൂർ: മൂന്നാഴ്ച മുമ്പ് ആര്യങ്കാവിൽനിന്ന് കാണാതായ യുവാവിനായി പൊലീസിന്‍റെ നേതൃത്വത്തിൽ പാണ്ഡ്യൻപാറ വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആര്യങ്കാവ് പാണ്ഡ്യൻപാറ വിനിഷ് ഭവനിൽ ബാബുവിന്‍റെ മകൻ ബിനീഷിനെ(30) തേടിയാണ് തിങ്കളാഴ്ച വനത്തിൽ തിരച്ചിൽ നടത്തിയത്.

ജനുവരി 25ന് വൈകീട്ട് യുവാവ് വീട്ടിൽനിന്ന് ആര്യങ്കാവിലേക്ക് വന്നതാണ്. രാത്രിയായിട്ടും കാണാതായതോടെ മാതാവ് ഫോണിൽ വിളിച്ചപ്പോൾ വീട്ടിലേക്ക് വരുകയാണെന്ന് പറഞ്ഞു. എന്നാൽ, ഏറെ വൈകിയും വീട്ടിലെത്തിയില്ല. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

പിതാവ് തെന്മല പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. യുവാവിന്‍റെ സുഹൃത്തുക്കൾ ഉൾപ്പടെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാണാതായ ദിവസം രാത്രിയിൽ ആര്യങ്കാവ് പാൽ ചെക്പോസ്റ്റിന് സമീപത്ത് നിന്ന് വിട്ടിലേക്കുള്ള വഴിയിൽ നടന്നുവരുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. വനത്തിലൂടെയുള്ള വഴിയായതിനാൽ മറ്റെന്തെങ്കിലും അത്യാഹിതം സംഭവിച്ചതാകുമെന്ന സംശ‍യത്തിലാണ് സമീപത്തുള്ള കാട്ടിൽ പരിശോധന നടത്തിയത്.

തെന്മല എസ്.എച്ച്.ഒ സജിൻ ലൂയിസിന്‍റെ നേതൃത്വത്തിൽ വനപാലകർ, പൊലീസ് നായ, ഡ്രോൺ എന്നിവയുടെ സഹായത്തോടെയാണ് പരിശോധിച്ചത്. രണ്ടുസംഘമായി തിരിഞ്ഞ് വനത്തിന്‍റെ പലഭാഗത്തും തിങ്കളാഴ്ച വൈകീട്ട് വരെ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. അന്വേഷണം തുടരുമെന്നാണ് പൊലീസ് പറ‍യുന്നത്.

Tags:    
News Summary - Search in the forest for missing youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.