പേരയം: റോഡ് നിർമാണത്തെ ചൊല്ലിയുള്ള വാഗ്വാദത്തിനൊടുവിൽ പഞ്ചായത്ത് കമ്മിറ്റിയിൽ ആത്മഹത്യ ഭീഷണി മുഴക്കിയ വൈസ് പ്രസിഡന്റ് രാജിവെച്ചു. രാജി എഴുതി സമർപ്പിച്ചെങ്കിലും ചട്ടപ്രകാരമല്ലാത്തതിനാൽ സെക്രട്ടറി സ്വീകരിച്ചില്ല. തുടർന്ന് അംഗീകൃത ഫോറത്തിൽ നൽകിയതോടെ സ്വീകരിക്കുകയായിരുന്നു.
ഏറെനാളത്തെ ആഭ്യന്തരകലഹത്തിനൊടുവിൽ പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ഐസക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗത്വവും രാജിവെച്ചത്. കോൺഗ്രസിന്റെ തന്നെ ഭരണസമിതിയോടുള്ള വിയോജിപ്പാണ് രാജിയിൽ കലാശിച്ചത്. വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് സമിതിയിൽ തന്റെ വാർഡിൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വികസിപ്പിക്കുന്ന റോഡ് തീരുമാനിക്കാനുള്ള അവസരം നൽകാത്തതും വാർഡ് മെംബറെ അവഗണിച്ച് ഭരണസമിതി തീരുമാനമെടുത്തതിലും പ്രതിഷേധിച്ചായിരുന്നു രാജി. വാർഡിലെ ഒരു റോഡിനായി എൻ.കെ. പ്രേമചന്ദ്രൻ എം.പി 10 ലക്ഷം രൂപ അനുവദിച്ചുഎന്ന് കാട്ടി എം.പിയെ അനുമോദിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. പ്രസിഡന്റ് അനീഷ് പടപ്പക്കര കമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി അത് തടസ്സപ്പെടത്തിയെന്ന് ഇവർ ആരോപിക്കുന്നു.
ആറ് മാസം മുമ്പ് പ്രസിഡന്റ് അപമാനിക്കാൻ ശ്രമിച്ചതായി കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രസിഡന്റിനെ പഞ്ചായത്തിൽ കയറാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സമരപരമ്പരയും നടത്തിയിരുന്നു.
വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ റോഡിനെ കുറിച്ച് വാഗ്വാദം നടക്കുകയും ഇവർ ആത്മഹത്യഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് രാജി നൽകിയത്. പതിനാലംഗ പഞ്ചായത്ത് സമിതിയിൽ യു.ഡി.എഫിന് ഒമ്പത് അംഗങ്ങളുണ്ട്. രാജി ഒരുഭരണ പ്രതിസന്ധിയും സൃഷ്ടിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.