കൊല്ലം: കോർപറേഷൻ ഡിവിഷനുകളിൽ എം.പി, എം.എൽ.എ ഫണ്ടുകളിൽ തെരുവ് വിളക്കുകൾ ഉൾപ്പെടെ അനുവദിക്കുന്നതിൽ വിവേചനം അനുവദിക്കില്ലെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. ഓരോ ഡിവിഷനിലും ആവശ്യമായ ഹൈമാസ്റ്റ്, ലോമാസ്റ്റ്, മറ്റ് ലൈറ്റുകൾ എന്നിവയുടെ പട്ടിക കൗൺസിലർമാർ തരുന്നത് അനുസരിച്ച് ഫണ്ട് വീതിക്കാൻ ഇടപെടുമെന്ന് മുമ്പ് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും കൗൺസിൽ യോഗത്തിൽ മേയർ പറഞ്ഞു. ഈ ആവശ്യം എം.എൽ.എമാരെ അറിയിച്ചിട്ടുണ്ട്. പുതിയ ഫണ്ട് വരുമ്പോൾ ഈ രീതിയിൽ നൽകാമെന്ന് എം.എൽ.എമാർ അറിയിച്ചതായും മേയർ വ്യക്തമാക്കി.
എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുകയും തുടർന്ന് കോർപറേഷന് പരിപാലന ചുമതല വരികയും ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടന ചടങ്ങുകളിൽ കോർപറേഷൻ ഭരണസമിതിക്കാരെ ഉൾപ്പെടുത്തുന്നില്ലെന്ന ചർച്ചക്കിടയിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. സ്വാധീനം ചെലുത്താനാകുന്നവർക്ക് മാത്രമാണ് ലൈറ്റുകൾ കിട്ടുന്നതെന്ന് ടി.ജി. ഗിരീഷ് പറഞ്ഞു.
ഹൈമാസ്റ്റ് ലൈറ്റുകളും മറ്റും ലഭിക്കുമ്പോൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ രഹസ്യമായി ഉദ്ഘാടനം നടത്തുന്ന സ്ഥിതിയാണെന്ന് മേയർ കുറ്റപ്പെടുത്തി. ഭരണസമിതിക്കാരെ ഉൾപ്പെടുത്താതെ ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്നും മേയർ പറഞ്ഞു. ആരെയും ഉൾപ്പെടുത്താത്ത കീഴ് വഴക്കം ശരിയല്ലെന്ന് സ്ഥിരംസമിതി അധ്യക്ഷൻ ജി. ഉദയകുമാറും പറഞ്ഞു.
ഉദ്ഘാടന പരിപാടികളിൽ കൗൺസിലർമാരെ ആശംസ പറയുന്നവരുടെ ഇടയിലാക്കി ഒതുക്കാതെ അധ്യക്ഷ പദവി നൽകണമെന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി. കാട്ടിലിന്റെ പ്രസ്താവന മേയറുമായുള്ള വാഗ്വാദത്തിലേക്കെത്തിച്ചു. മേയറെയും ഡെപ്യൂട്ടി മേയറെയും ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രോട്ടോകോൾ അനുസരിച്ചാണ് പരിപാടികളിൽ നടപടിക്രമം നിശ്ചയിക്കുന്നതെന്നും മേയർ വ്യക്തമാക്കി.
വ്യക്തിഗത ശൗചാലയ നിർമാണ പദ്ധതിക്ക് ധനവകുപ്പിൽനിന്ന് തുക ലഭിക്കാത്തതിനാൽ തനത് ഫണ്ട് അനുവദിക്കാൻ മേയർ നിർദേശം നൽകി. കാവനാട് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നും പൊളിച്ചുമാറ്റണമെന്നും എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ആവശ്യമായ നടപടി ഇതിൽ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു ആവശ്യപ്പെട്ടു.
വടക്കുംഭാഗം-പുള്ളിക്കട കോളനി ഭാഗത്തെ സ്റ്റോം വാട്ടർ ഡ്രെയിനേജ് പദ്ധതിക്ക് അമൃത് ഒന്നാംഘട്ടത്തിൽ അനുവദിച്ച തുക തിരിച്ചുപിടിച്ചിട്ട് ഇതുവരെ പകരം തുക അനുവദിച്ച് നിർമാണം ആരംഭിക്കാത്തത് ഹണി ബെഞ്ചമിൻ ഉന്നയിച്ചു. ഏപ്രിലിൽ തുക അനുവദിച്ചതായി മേയർ വ്യക്തമാക്കി. എന്നാൽ, പദ്ധതിയിൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ എൻ.ഒ.സി വേണമെന്നതിനാൽ നീളുകയാണ്.
ഇത് ഒഴിവാക്കാൻ നിർവഹണ ഏജൻസിയായി മൈനർ ഇറിഗേഷനുതന്നെ ഒരു കോടി ഡെപ്പോസിറ്റ് ചെയ്ത് നിർമാണം നടത്തിക്കാൻ മേയർ ആവശ്യപ്പെട്ടു. ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ എന്ന കോർപറേഷൻ പദ്ധതിയിൽ കടവ് വൃത്തിയാക്കുന്നത് തങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുന്നതാണെന്ന് കാണിച്ച് ബി.ജെ.പി കൗൺസിലർ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മേയർ വായിച്ചത് കൗൺസിലിൽ ചിരിയുയർത്തി. സ്ഥിരം സമിതി അധ്യക്ഷരായ എസ്. ജയൻ, യു. പവിത്ര, കൗൺസിലർമാരായ സജീവ് സോമൻ, ടോമി എന്നിവരും ചർച്ചയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.