കൊല്ലം ജില്ല ആശുപത്രിക്കുസമീപം മോഷണം നടന്ന ജെ.ജെ ഫാർമസ്യൂട്ടിക്കലിൽ വിരലടയാളവിദഗ്ധർ പരിശോധിക്കുന്നു
കൊല്ലം: ജില്ല ആശുപത്രിക്കുസമീപമുള്ള ഫാര്മസിറ്റിയിലെ അഞ്ച് മരുന്ന് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ മോഷണം. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നടന്ന മോഷണത്തില്‍ രണ്ടുലക്ഷംരൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു.
ആശ്രാമം സ്വദേശിയായ സാമുവല്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാര്മസിറ്റിയിലെ വാരിയപുരക്കല്‍ എന്റര്‍പ്രൈസസ്. സാമുവല്‍ ബാബുവിന്റെ മകന് വ്യാഴാഴ്ച രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോള്‍ ഗേറ്റിന്റെയും ഷട്ടറിന്റെയും പൂട്ട് തകര്‍ന്ന് കിടക്കുന്നത് കണ്ടു. ബുധനാഴ്ച വൈകീട്ട് കലക്ഷന്‍ തുക മേശയില്‍ സൂക്ഷിച്ചിരുന്നു. എട്ട് കാമറകൾ സ്ഥാപനത്തിലുണ്ടായിരുന്നെങ്കിലും ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡി.വി.ആറും മോഷ്ടിച്ചു. ഷട്ടറിന്റെയും ഗേറ്റിന്റെയും താക്കോല്‍ റിസപ്ഷന് മുന്നിലെ ചവറ്റുകൊട്ടയില്‍ നിന്ന് കണ്ടെടുത്തു. അലമാരയിലെ പ്രമാണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫയലുകള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. ചില്ലറകളുടെ ശേഖരം മോഷ്ടിച്ചിട്ടില്ല.
ശേഷം സമീപത്തുതന്നെയുള്ള മറ്റ് നാല് മരുന്ന് മൊത്ത വ്യാപാരകേന്ദ്രത്തിലും പൂട്ട് പൊളിച്ചു അകത്തുകയറി. ഡ്രഗ് ലിങ്ക്സ് എന്ന സ്ഥാപനത്തില്‍നിന്ന് മാത്രമാണ് മോഷണം നടന്നത്. ഇവിടെ മേശയിലുണ്ടായിരുന്ന 70000 രൂപ നഷ്ടമായി. ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
സമാന മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ കേന്ദ്രീകരിച്ചുമാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. സമീപത്തെ വ്യാപാരസ്ഥാപനത്തില്‍ നിന്ന് രാത്രി 1.30ന് ഒരാള്‍ മൊബൈല്‍ ഫ്ലാഷ് തെളിച്ച് വാരിയപുരക്കല്‍ എന്റര്‍പ്രൈസസിലേക്ക് കയറിപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനഫലം വന്ന ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വൃക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.