മധു
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ശേഷം ഒളിവിൽ പോയ പ്രതി പൊലീസിന്റെ പിടിയിലായി. ചവറ പുതുക്കാട് താന്നിമൂടിന് സമീപം കളഭം വീട്ടിൽ നിന്ന് ചവറ ചെറുശ്ശേരി ഭാഗം ടോം വില്ല വീട്ടിൽ വാടകക്ക് താമസിക്കുന്ന വി.എസ്. മധു(40) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
കൊല്ലം, എറണാകുളം ജില്ലകളിൽ എസ്.പി.എസ് അസോസിയേറ്റ് എന്ന സ്ഥാപനം ആരംഭിച്ച ശേഷം അതിന്റെ മറവിൽ കേരളത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പല ആളുകളിൽ നിന്ന് പോളണ്ടിൽ ജോലിക്കായി വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് കേസ്. ശക്തികുളങ്ങര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വിസ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ കടപ്പാക്കട സ്വദേശി ഡെന്നി രാജനെ പൊലീസ് പിടികൂടിയത് അറിഞ്ഞ് ഇയാൾ ഇതരസംസ്ഥാനത്തേക്ക് കടക്കുകയായിരുന്നു.
ഒളിവിൽ താമസിച്ചു വന്ന പ്രതിയെ പറ്റി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ് കുമാർ, എസ്.ഐമാരായ ഗോപാലകൃഷ്ണ പിള്ള, സജയൻ, എസ്.സി.പി.ഒ മനുലാൽ, സി.പി.ഒ മാരായ സിദ്ധിഷ്, ശ്രീകാന്ത് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നിക്കത്തിലൂടെ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കൊല്ലം സിറ്റിയിലെ ചവറ, ഇരവിപുരം എന്നീ സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.