1. പരവൂരിലെ മൊബൈൽ കടയിലെ മോഷണശ്രമത്തിെൻറ സി.സി.ടി.വി. ദൃശ്യം 2. സ്വർണവും പണവും നഷ്ടപ്പെട്ട വാളത്തുംഗൽ ചിറവയൽ തൈക്കാവിന് സമീപം തൊടിയിൽ വീട്ടിൽ ലത്തീഫാബീവി
കൊല്ലം: ചിന്നക്കടയിൽ മൂന്നുദിവസം മുമ്പ് സ്പോർട്സ് സാമഗ്രികൾ വിൽക്കുന്ന കടയിൽ മോഷണം നടന്നതിനുപിന്നാലെ മൊബൈൽ ഷോപ്പിലും തസ്കര വിളയാട്ടം. മെയിൻറോഡും പായിക്കട റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡിലെ ന്യൂ എസ്.എൻ മൊബൈൽസിലാണ് മോഷണം നടന്നത്. ഷട്ടർ തകർത്ത് അകത്തുകടന്ന സംഘം 10000 രൂപയും സർവിസിന് നൽകിയിരുന്ന രണ്ട് മൊബൈൽ ഫോണുകളും അപഹരിച്ചു.
ഞായറാഴ്ച പുലർച്ചയാണ് സംഭവം. പൊലീസ് സംഘം പുലർച്ച 2.30ന് മെയിൻ റോഡ് വഴി പട്രോളിങ് നടത്തുന്നതിനിടെ ഇടറോഡിലുള്ള മൊബൈൽ ഷോപ്പിൽ വെളിച്ചം കണ്ടു. പൊലീസ് തിരച്ചിൽ നടത്തിയപ്പോൾ കടക്ക് സമീപത്തായി ബൈക്ക് കണ്ടെത്തി. എൻജിന് നല്ല ചൂടുണ്ടായതിനാൽ അൽപസമയം മുമ്പ് സ്ഥലത്തെത്തിയതാണെന്ന് വ്യക്തമായി. മെബൈൽ കട പരിശോധിച്ചപ്പോൾ ഷട്ടർ തുറന്ന് കിടക്കുകയായിരുന്നു. മാസ്ക് ധരിച്ച മൂന്നംഗസംഘം കമ്പിപ്പാര ഉപയോഗിച്ച് ഷട്ടർ തുറന്ന് അകത്ത് കയറുകയും തിരച്ചിൽ നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ നിന്ന് ലഭിച്ചു.
കടയിലുണ്ടായിരുന്ന പുതിയ മൊബൈൽ ഫോണുകളും കുറച്ച് പണവും ഉടമ രാത്രി വീട്ടിൽ കൊണ്ടുപോയിരുന്നു. എടുക്കാൻ മറന്ന 10000 രൂപയാണ് മോഷ്ടാക്കൾ കവർന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കടയുടെ സമീപത്തുണ്ടായിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. നാല് ദിവസം മുമ്പ് ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയ വെള്ളിമൺ സ്വദേശിയുടേതാണ് ബൈക്ക്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സക്ക് ശേഷം വെള്ളിമൺ സ്വദേശി മറ്റൊരു വാഹനത്തിൽ മടങ്ങി. ചിന്നക്കടയിൽ നിന്ന് ബൈക്ക് കണ്ടെടുത്ത ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് മോഷണം പോയത് ഉടമ അറിഞ്ഞത്.
ഇതേ മൂന്നംഗസംഘം പരവൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള മൊബൈൽ കടയിൽ മോഷണശ്രമം നടത്തിയിരുന്നു. മൊബൈൽ വഴി സി.സി.ടി.വി കാമറ പരിശോധിച്ച് കൊണ്ടിരുന്ന ഉടമ ആരോ ഷട്ടർ തകർക്കാൻ ശ്രമിക്കുന്നതായി കണ്ടു.
ഉടൻ ഉടമ ബൈക്കെടുത്ത് സ്ഥലത്തെത്തി. വാഹനത്തിെൻറ വെളിച്ചം കണ്ടതോടെ മൂന്നംഗസംഘം രക്ഷപ്പെട്ടു. അവിടെ നിന്ന് തീരദേശ റോഡ് വഴിയാണ് കൊല്ലത്ത് എത്തിയതെന്ന് സംശയിക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പിടികൂടുമെന്നും കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ പറഞ്ഞു.
ഇരവിപുരം: മൊബൈൽ ഫോൺ വിൽപനശാലയുടെ ഷട്ടറും പൂട്ടുകളും തകർത്ത് മോഷണശ്രമം നടന്നു. ദേശീയപാതയിൽ കൊല്ലൂർവിള പള്ളിമുക്ക് പെട്രോൾ പമ്പിനടുത്തുള്ള മൊബൈൽ പാലസിലാണ് മോഷണശ്രമം നടന്നത്.
കടയുടെ ഷട്ടറിെൻറ പൂട്ടുകളും ഷട്ടറും തകർത്തെങ്കിലും മധ്യഭാഗത്തെ ലോക്ക് തകർക്കാൻ കഴിഞ്ഞില്ല. കട ഉടമ സിറാജ് പരാതി നൽകിയതിനെ തുടർന്ന് ഇരവിപുരം പൊലീസെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങി. പാരിപ്പള്ളിയിലെ ഒരു മൊബൈൽ ഷോപ്പിലും സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു.
ഇരവിപുരം: വാളത്തുംഗൽ സമത്വം നഗറിലെ വീട്ടിൽ മോഷണം. അലമാരയിൽ വെച്ചിരുന്ന ആറ് ലക്ഷം രൂപ അപഹരിച്ചു. അർബുദബാധിതയായ കിടപ്പുരോഗിയുടെ ചികിത്സക്കായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഒരാഴ്ച മുമ്പ് വീട്ടിൽ നിന്ന് അഞ്ചുപവൻ മോഷണം പോയതിന് പിന്നാലെയാണ് ഇപ്പോൾ പണവും അപഹരിക്കപ്പെട്ടത്. വാളത്തുംഗൽ ചിറവയൽ തൈക്കാവിന് സമീപം സമത്വംനഗർ 82 തൊടിയിൽ വീട്ടിൽ പരേതനായ ഷെരീഫിെൻറ ഭാര്യ ലത്തീഫാബീവിയുടെ (63) പണമാണ് വീട്ടിൽനിന്ന് കവർന്നത്. മയ്യനാട് വെള്ളമണൽ സ്കൂളിൽ പ്യൂണായിരുന്ന ഇവർ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പണവും പെൻഷനും പലരും ചികിത്സക്കായി സഹായിച്ച പണവും കവറിലാക്കി തുണിയിൽെകട്ടി അലമാരയിൽ തുണികൾക്കിടയിൽ െവച്ചിരിക്കുകയായിരുന്നു.
പുലർച്ച മദ്റസയിലെ ഓൺലൈൻ ക്ലാസിനായി മകളുടെ മക്കൾ ഇവരെ വിളിച്ചുണർത്താനെത്തിയപ്പോഴാണ് അലമാര തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായതായി അറിയുന്നത്. തിരുവനന്തപുരം ആർ.സി.സിയിൽ അർബുദം സംബന്ധിച്ച ഓപറേഷന് വിധേയമായ ഇവരുടെ കാൽമുട്ടിെൻറ ഓപ്പറേഷനുവേണ്ടിയും പാലക്കാട് താമസിക്കുന്ന പേരമകളുടെ വിവാഹത്തിനായി നൽകുന്നതിനായും സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് വീട്ടിൽനിന്ന് അഞ്ച് പവൻ സ്വർണം നഷ്ടമായത്.
ബന്ധുക്കൾ ആരെങ്കിലും എടുത്തതെന്ന് കരുതി പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഇപ്പോൾ ആറുലക്ഷം രൂപ കൂടി നഷ്ടമായതോടെയാണ് പരാതി നൽകിയത്. ഇരവിപുരം പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് വനിത എസ്.ഐ അനുരൂപയുടെ നേതൃത്വത്തിലുള്ള സംഘമെത്തി വിവരശേഖരണം നടത്തി. സ്വർണം നഷ്ടമായതിനുപിന്നാലെ പണം കൂടി അപഹരിക്കപ്പെട്ടതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിെൻറ നിഗമനം. വീട്ടിൽ ഉണ്ടായിരുന്ന എല്ലാവരും സ്റ്റേഷനിലെത്താൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
പരവൂർ: നഗരത്തിൽ മോഷണശ്രമം പതിവാകുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലെ മൊബൈൽ കടയിലാണ് പുലർച്ചെ മോഷണശ്രമം നടന്നത്. നേരത്തെയും ഈ കടയുടെ പൂട്ട് തകർക്കാൻ ശ്രമം നടന്നിരുന്നു. ഏതാനും ആഴ്ച മുമ്പ് നിരവധി കടകളിലും മോഷണശ്രമം നടന്നിരുന്നു.
എതിർവശത്തെ കടയിലെ സി.സി.ടി.വിയിൽ ദൃശ്യം വ്യക്തമായിട്ടുണ്ട്. 20-22 വയസ്സ് തോന്നുന്ന മൂന്ന് യുവാക്കളാണ് മോഷണശ്രമം നടത്തിയത്. കമ്പി ഉപയോഗിച്ച് പൂട്ട് പൊളിക്കാനാണ് ശ്രമിച്ചത്. മൂവരും മാറിമാറി ശ്രമം നടത്തി. ഒരാൾ പൂട്ട് പൊളിക്കാൻ ശ്രമിക്കുമ്പോൾ രണ്ടുപേർ റോഡിൽ നിരീക്ഷണം നടത്തും. ഇതിനിടെ ഒരു വാഹനം കടന്നുപോയപ്പോൾ മൂവരും ഒരു മൂലയിലേക്ക് പതുങ്ങി നിൽക്കുന്നതും കാമറയിൽ വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.