കൊല്ലം റെയിൽവേ സ്റ്റേഷനിൽ പണി പൂർത്തിയായ മൾട്ടി ലെവൽ പാർക്കിങ് സെൻറർ

കൊല്ലം റെയില്‍വേ സ്റ്റേഷൻ; പാര്‍ക്കിങ് സെന്‍റർ സജ്ജം, ഉദ്ഘാടനം ഉടൻ

കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ പുതിയ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് ടവറിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. അടുത്തദിവസം തന്നെ യാത്രക്കാർക്കായി തുറന്നുനൽകും. കാര്‍ പാര്‍ക്കിങ്ങിനുള്ള കെട്ടിട നിര്‍മാണത്തിനായി 28.7 കോടി രൂപയാണ് ചെലവിട്ടത്. ഒരേസമയം 138 കാറുകള്‍ക്കും 236 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ കഴിയും.

അത്യാധുനിക സൗകര്യങ്ങളോടു കൂടി അഞ്ച് നിലകളിലായി ഒരു ലക്ഷത്തി പതിനയ്യായിരം ചതുരശ്ര അടി വിസതീര്‍ണത്തോടുകൂടിയ കെട്ടിടമാണ് പാര്‍ക്കിങ്ങിനായി തയാറാക്കിയിട്ടുളളത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സംവിധാനവും ലിഫ്റ്റ്, അഗ്നിശമനസംവിധാനങ്ങള്‍ തുടങ്ങിയവയും തയ്യാറാക്കിയിട്ടുണ്ട്. നിരീക്ഷണ കാമറകൾ ഉടൻ സ്ഥാപിക്കും. പാര്‍ക്കിങ് സംവിധാനം യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്ന് കൊടുക്കുന്നതിനുള്ള കരാര്‍ ഉള്‍പ്പെടെയുള്ള നടപടി പൂര്‍ത്തീകരിച്ചായിരിക്കും ഉദ്ഘാടനം നടത്തുക.

ഇതുകൂടാതെ തുറന്ന പാര്‍ക്കിങ് സംവിധാനം നിലവിലുണ്ട്. വടക്ക് വശത്ത് കൂടുതല്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ ഭാവിയിലെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്താണ് സമഗ്രമായ പാര്‍ക്കിങ്ങും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്.

പാർക്കിങ് കേന്ദ്രം കരാറെടുത്തയാൾക്ക് മൂന്നുമാസം മുമ്പ് ടവർ കൈമാറേണ്ടതായിരുന്നു. തൊട്ടടുത്തുള്ള മലിനജല സംസ്കരണ പ്ലാന്റ്, ഓട, ഇന്റർലോക്ക് പാകൽ എന്നിവ വൈകിയത് കൊണ്ടാണ് കൈമാറ്റം നീണ്ടത്. പാർക്കിങ്ങിന് പൊള്ളുന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇനി റെയിൽവേ സ്റ്റേഷനിൽ നിന്ന് ദൂരെ സ്ഥലങ്ങളിലും റോഡ് വക്കുകളിലും കാർ പാർക്ക് ചെയ്യേണ്ടി വരുന്ന ദുരവസ്ഥക്ക് പരിഹാരമാകും.

നാല് നിലകളാണ് പാർക്കിങ് ടവറിനുള്ളത്. താഴത്തെ നില ഇരുചക്ര വാഹനങ്ങൾക്കും മറ്റ് മൂന്ന് നിലകൾ കാറുകൾക്കുമായാണ് നീക്കിവെച്ചിരിക്കുന്നത്. നടത്തിപ്പിന് മൂന്ന് വർഷത്തേക്കാണ് കരാർ നൽകിയിരിക്കുന്നത്. വർഷം 2.25 കോടി റെയിൽവേക്ക് ഇതിലൂടെ ലഭിക്കും. കേന്ദ്രമന്ത്രിയുടെ സൗകര്യാർഥം ഏറ്റവും അടുത്ത ദിവസം തന്നെ പാര്‍ക്കിങ് സെന്‍ററിന്‍റെ ഉദ്ഘാനം നിര്‍വഹിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. 391 കോടി രൂപയുടെ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പുനര്‍ നിര്‍മാണത്തിന്‍റെ ഏറ്റവും പ്രധാന ഘടകമാണ് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്. 

Tags:    
News Summary - Kollam Railway Station; Parking center ready, inauguration soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.