അഞ്ചൽ: നാട്ടിലെ പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യം ശേഖരിക്കാൻ മാത്രമല്ല ഒന്നാന്തരം ഉദ്യാനമൊരുക്കാനും തങ്ങൾക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് അലയമൺ പഞ്ചായത്തിലെ ഹരിതകർമസേന. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുസൂക്ഷിക്കുന്ന ചണ്ണപ്പേട്ട മാര്‍ക്കറ്റിന് സമീപമുള്ള എം.സി.എഫിനോട് ചേര്‍ന്നുള്ള തരിശ് ഭൂമിയില്‍ ചെണ്ടുമല്ലിപ്പൂപാടം ഒരുക്കി പൂകൃഷിയിലും ഹിറ്റ് ആയിരിക്കുകയാണ് സംഘം.
ഓണനിറം നിറച്ച്, വിളവെടുപ്പിന് പാകമായി മനംകുളിര്‍ക്കും വിധം മഞ്ഞയും ചുവപ്പും നിറത്തിലുള്ള പൂക്കൾ വിരിഞ്ഞ് നില്‍ക്കുകയാണ് ചുറ്റും. ഓണത്തിന് പൂക്കളുടെ ക്ഷാമം പരിഹരിക്കുകയും വരുമാനം നേടുകയും മാത്രമല്ല ഇവരുടെ ലക്ഷ്യം. ജോലിക്കിടയിലെ മാനസികമായ ഉല്ലാസംകൂടി ലക്ഷ്യമിട്ടാണ് പൂക്കൃഷി ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷവും പൂക്കൃഷി നടത്തി നൂറുമേനി ലഭിച്ചതോടെയാണ് ഇക്കൊല്ലവും കൃഷി നടത്താന്‍ ഇവര്‍ക്ക് പ്രേരണയായത്.
28 പേരടങ്ങുന്ന ഹരിതകര്‍മ സേനാംഗങ്ങൾ ഓരോദിവസം ഓരോസംഘങ്ങളായി തിരിഞ്ഞാണ് കൃഷിപരിപാലനം നടത്തുന്നത്. ചണ്ണപ്പേട്ട എം.സി.എഫ് കൂടാതെ സര്‍ക്കാര്‍ ആശുപത്രി, സ്കൂള്‍ എന്നിവിടങ്ങളിലും ഇത്തവണ ചെണ്ടുമല്ലി കൃഷി നടത്തിയിട്ടുണ്ട്. കൂടാതെ ആനക്കുളം സ്കൂള്‍ പരിസരത്ത് പച്ചക്കറി കൃഷിയും ഇവർ നടത്തുന്നുണ്ട്. ഹരിത കര്‍മസേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും കൃഷി വകുപ്പും ഇവർക്ക് സഹായമായി ഒപ്പമുണ്ട്. പഞ്ചായത്തിന്റെ പ്രോത്സാഹനവും ഹരിതകര്‍മസേന കൂട്ടായ്മയെ കൃഷിയില്‍ മുന്നേറാൻ സഹായിച്ചു.
പൂക്കളം ഇടുന്നവർക്ക് പൂക്കൾ ഇവിടെനിന്നും കുറഞ്ഞ നിരക്കിൽ നൽകാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ വ്യത്യസ്തങ്ങളായ പൂക്കളുടെ കൃഷി നടത്താനാണ് കൂട്ടായ്മയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.