കൊല്ലം: പെരിനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിന്നാലെയെത്തും നിയമത്തിന്റെ കുരുക്ക്. കാമറക്കെണിയൊരുക്കി പഞ്ചായത്ത് ഭരണസമിതി. പലവട്ടം പറഞ്ഞിട്ടും കേള്‍ക്കാത്തവരെ തെളിവോടെ കുടുക്കാനായി എല്ലായിടത്തും കാമറക്കണ്ണുകള്‍ തുറന്നിരിപ്പുണ്ട്. മാലിന്യരഹിത പരിസരമെന്ന ലക്ഷ്യത്തിന് നാട്ടിലെല്ലാവരുടെയും സഹകരണം കിട്ടുന്നില്ലന്ന് കണ്ടാണ് തെളിവുകള്‍ സഹിതമുള്ള നിയമവഴിയിലേക്ക് തിരിഞ്ഞത്. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 14 സ്ഥലങ്ങളിലായി 31 കാമറകളാണ് സ്ഥാപിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,75,0000 രൂപയാണ് മാലിന്യകാവലിന് വിനിയോഗിച്ചത്.
വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സഹിതം തിരിച്ചറിയാന്‍ ക്ഷമതയുള്ള അത്യാധുനിക കാമറകളാണ് സ്ഥാപിച്ചത്. കെല്‍ട്രോണ്‍ ആണ് കാമറകള്‍ സ്ഥാപിച്ചത്. അറ്റകുറ്റപ്പണിയും മേല്‍നോട്ടവും ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസിലാണ് കാമറകളുടെ നിയന്ത്രണം.
പഞ്ചായത്ത് കെട്ടിടവും പൂര്‍ണമായും കാമറ നിരീക്ഷണത്തിലാണ്. പഞ്ചായത്ത് സെക്രട്ടറി ജി. ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് നിരീക്ഷണ ചുമതല. കാമറകള്‍ തത്സമയം നിരീക്ഷിച്ച് മാലിന്യം തള്ളുന്നവര്‍ക്കെതിരെ അതിവേഗം നടപടി സ്വീകരിക്കും. കൈതാകോടിയിലുള്ള കാമറ പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസിഡന്റ് ദിവ്യ ജയകുമാര്‍ പറഞ്ഞു. കാമറകള്‍ സ്ഥാപിച്ചതോടെ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് മാറ്റം വന്നുതുടങ്ങിയെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.