കൊല്ലം: സുഹൃത്തുക്കളെ സംബന്ധിച്ച് പച്ച ചിരിയുള്ള ഒരു സ്നേഹ സമ്മാനം! ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിന് ഹരിതകേരളം മിഷൻ സുസ്ഥിര സന്ദേശമായി ആഘോഷിക്കാനൊരുങ്ങുകയാണ്. ലോക സൗഹൃദദിനത്തിൽ സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയാണ് ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്.
സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചങ്ങാതിയുടെ പേരിൽ മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷംപോലെ വളരട്ടെയെന്ന സന്ദേശംകൂടി കുട്ടികളിലെത്തും.
സൗഹൃദ ദിനത്തിലോ അനുബന്ധ ദിവസങ്ങളിലോ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ സ്കൂളുകൾ, കലാലയങ്ങൾ, ഓഫിസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ ക്ലബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സൃഷ്ടിച്ച പച്ചത്തുരുത്തുകളിലും അന്ന് തൈകൾ നടും. പുതിയ നിരവധി പച്ചത്തുരുത്തുകൾക്കും അന്ന് തുടക്കംകുറിക്കും.
പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെയുള്ള വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്.സെപ്റ്റിബർ 30 നകം ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം കാമ്പയിൻ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിനകം 21 ലക്ഷത്തിലധികം തൈകൾ നട്ടുകഴിഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അയൽക്കൂട്ടങ്ങൾ, മഹാത്മാഗാന്ധി ദേശീയ-ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഫോറസ്ട്രി വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വ്യാപകമായി വൃക്ഷത്തൈ ഉല്പാദനവും ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിലായി നടക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.