കൊല്ലം: കാറിന്‍റെ ഡാഷ് ബോഡിലും കൈവശത്തുമായി 85.400 ഗ്രാം മെറ്റാഫെത്താമിൻ എന്ന രാസലഹരി വിൽപനക്കായി കടത്തി കൊണ്ടുവന്ന കേസിൽ അഞ്ചു പ്രതികൾക്ക് 20 വർഷം വീതം കഠിനതടവിനും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കുഴിയം, സിന്ധുഭവനിൽ വിഷ്‌ണു വിജയൻ (23), പെരുമ്പുഴ കൂരീപ്പള്ളി കടയിൽ വീട്ടിൽ ഷംനാദ് (25), ചന്ദനത്തോപ്പ് കുഴിയം സൗത്തിൽ അഖിൽ ഭവനിൽ പ്രഗിൽ (25), ചന്ദനത്തോപ്പ് ഫാറൂഖ് മൻസിലിൽ ഉമർ ഫാറൂഖ് (25), ചാത്തിനാംകുളം പള്ളിവടക്കതിൽ മുഹമ്മദ് സലാഷ് (25) എന്നിവരെയാണ് കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്‌ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.
രാസലഹരി വിൽപ്പനയ്ക്കായി കൈവശം വച്ച് കടത്തിയ കുറ്റത്തിന് 10 വർഷവും മയക്കുമരുന്ന് കച്ചവടത്തിനായി ഗൂഢാലോചന നടത്തിയ കുറ്റത്തിന് 10 വർഷവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2023 ജൂലൈ 13ന് തിരുവനന്തപുരത്ത് നിന്ന് വിഷ്ണു വിജയൻ വാങ്ങി ക്കൊണ്ടുവന്ന മെറ്റാഫെത്താമിൻ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി കൊല്ലത്തും കുണ്ടറയിലും വിൽപ്പന നടത്താനായി പിറ്റേ ദിവസം ഇളമ്പള്ളൂർ അമ്പിപൊയ്‌ക കാനാൽ റോഡിലെ കനാൽ മൈതാനത്ത് ഒത്തുകൂടിയപ്പോൾ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുണ്ടറ പൊലീസ് ഇൻസ്പെക്‌ടർ രതീഷും സംഘവുമാണ് ഇവരെ പിടികൂടിയത്.
ഡിവൈ.എസ്.പി എസ്. ഷെറീഫിന്‍റെ നേതൃത്വത്തിൽ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി. പ്രോസിക്യൂഷൻ പ്രവർത്തനങ്ങൾ ഏകോപ്പിച്ചത് എ.എസ്.ഐ മാരായ ദീപ്‌തിയും സിന്ധ്യയുമാണ്. പൊലീസിന്‍റെ തുടരന്വേഷണത്തിൽ ഈ പ്രതികൾക്ക് മെറ്റാഫെത്തമിൻ നൽകിയ പ്രതികളായ സദ്ദാമിനും നിജാസിനും എതിരെ പ്രത്യേക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഈ കേസുകൾ കോടതിയിൽ വിചാരണയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.