സൽമാനുൽ ഫാരിസിന്റെ കുടുംബം വാളകം ഗാന്ധിഭവന് സമ്മാനത്തുക
കൈമാറുന്നു
കൊല്ലം: ചുറ്റുമുള്ള മനുഷ്യർ മുതൽ കോഴിയും പൂച്ചയും വരെ സൽമാനുൽ ഫാരിസ് എന്ന കുഞ്ഞു മകന്റെ ഏറെ പ്രിയപ്പെട്ടവരായിരുന്നു. സഹജീവി സ്നേഹം നിറഞ്ഞ മനസിൽ നൊമ്പരപ്പെടുന്നവർക്ക് സഹായമേകാനുള്ള ആഗ്രഹം കുഞ്ഞിളം പ്രായത്തിൽ തന്നെ മുളപൊട്ടിയതിലും അത്ഭുതമില്ല. പഠനത്തിനപ്പുറം കലാരംഗത്തും കഴിവ് തെളിച്ച് കിട്ടിയ സമ്മാനത്തിന്റെ പങ്ക് ഏറ്റവും അർഹരായവർക്ക് നൽകണമെന്ന് ആ 13കാരൻ സ്വപ്നം കണ്ടതും അതുകൊണ്ടാണ്. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ വട്ടപ്പാട്ടിൽ ചുവടുവെച്ച് വിജയത്തിൽ ലഭിച്ച സമ്മാനത്തുക വാളകത്തെ ഗാന്ധിഭവനിലേക്ക് നൽകാൻ കാത്തിരിക്കുകയായിരുന്നു സൽമാനുൽ ഫാരിസ്. സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയാതെ അപ്രതീക്ഷിതമായി അവൻ മടങ്ങിയപ്പോൾ, മകന്റെ കണ്ണീരോർമകളിൽ ആ ‘ആഗ്രഹകടം’ വീട്ടിയിരിക്കുകയാണ്കുടുംബം. കഴിഞ്ഞ ജൂൺ ആറിന് കൊല്ലം പാൽക്കുളങ്ങരയിൽ ടിപ്പറിനടിയിൽപെട്ട് ജീവൻ പൊലിഞ്ഞ ഒമ്പതാം ക്ലാസുകാരൻ കൊല്ലം കല്ലുംതാഴം ദാറുസലാം വീട്ടിൽ സൽമാനുൽ ഫാരിസിന്റെ ആഗ്രഹമാണ് അവൻ വിടപറഞ്ഞുപോയി ഒരു മാസം പിന്നിടുന്ന വേളയിൽ കുടുംബം യാഥാർഥ്യമാക്കിയത്.
പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങളിലുമെല്ലാം മിടുക്കനായിരുന്ന സൽമാനുൽ ഉൾപ്പെട്ട കരിക്കോട് ടി.കെ.എം എച്ച്.എസ്.എസ് വട്ടപ്പാട്ട് സംഘം കഴിഞ്ഞ തൃശൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആണ് സംസ്ഥാനത്ത് എ ഗ്രേഡ് വിജയികൾ ആയത്. തനിക്ക് ലഭിക്കുന്ന 1000 രൂപയുടെ സമ്മാനത്തുക കുടുംബത്തിനൊപ്പം ഇടക്കിടക്ക് പോകുന്ന വാളകത്തെ ഗാന്ധിഭവൻ ആശ്രയകേന്ദ്രത്തിന് നൽകുമെന്ന് ഉറപ്പിച്ചിരുന്നു. വീട്ടുകാരോടെല്ലാം ആഗ്രഹം പറയുകയും ചെയ്തിരുന്നു. സമ്മാനത്തുക കിട്ടാനുള്ള കാത്തിരിപ്പ് നീണ്ടുപോയി. ഇപ്പോഴും ആ സമ്മാനത്തുക സർക്കാരിൽനിന്ന് വിജയികളെ തേടിയെത്തിയിട്ടില്ല. അവന്റെ ആ സ്വപ്നം നിറവേറപ്പെടാതെ പോകാൻ അവന്റെ പ്രിയപ്പെട്ടവർ അനുവദിച്ചില്ല. സ്വന്തമായി കിട്ടുന്ന സമ്മാനത്തുക നൽകാൻ ആഗ്രഹിച്ച മകനുവേണ്ടി അവന്റെ സംഘത്തിനാകെ കിട്ടേണ്ട 10000 രൂപ സമാഹരിച്ച് കുടുംബം ഗാന്ധിഭവന് കൈമാറി. പ്രിയസുഹൃത്ത് അവശേഷിപ്പിച്ചുപോയ ആഗ്രഹം പൂവണിയുന്നത് കാണാൻ സൽമാനുലിന്റെ കൂട്ടുകാരും കുടുംബത്തിനൊപ്പം ഗാന്ധിഭവനിൽ എത്തിയിരുന്നു. പണം നൽകാൻ പോകുമ്പോൾ കൂട്ടുകാരെയും കൊണ്ടുപോകണമെന്ന ആ കുഞ്ഞുമനസ്സിന്റെ ആഗ്രഹവും അങ്ങനെ നിറവേറി. പിതാവ് ഷാനവാസ് സമദും മാതാവ് ഷംനയും കൂട്ടുകാരായ മുഹമ്മദ് ബിലാലും ജുനൈദും സഫറും ഉൾപ്പെടെ വാളകത്ത് ഗാന്ധിഭവനിലെത്തി തുക നൽകി. 14ാം വയസിൽ ലോകം വിട്ടുപോയിട്ടും മറ്റ് കുട്ടികൾക്കെല്ലാം മകൻ മാതൃകയാകണം എന്ന ആഗ്രഹിച്ച മാതാപിതാക്കളുടെ സ്വപ്നം കൂടിയാണ് ഇതോടെ യാഥാർഥ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.